വിപഞ്ചികയുടെയും മകളുടെയും ദുരൂഹ മരണം; കുടുംബം ഹൈക്കോടതിയെ സമീപിച്ചു
വിപഞ്ചികയുടെ അമ്മയുടെ സഹോദരിയാണ് ഹൈക്കോടതി യിൽ ഹർജി നൽകിയത്.

കൊല്ലം :വിപഞ്ചികയുടെയും മകളുടെയും ദുരൂഹ മരണത്തിൽ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. വിപഞ്ചികയുടെ അമ്മയുടെ സഹോദരിയാണ് ഹൈക്കോടതി യിൽ ഹർജി നൽകിയത്. വിപഞ്ചികയുടെയും മകളുടെയും മരണം കൊലപാതകം ആണെന്ന് സംശയമുണ്ട്.
വിപഞ്ചികയുടെ ഭർത്താവ് നിതീഷും കുടുംബവും ഷാർജയിൽ തന്നെ സംസ്കാരം നടത്താൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ബന്ധുക്കൾ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം നിതീഷും കുടുംബവും ചേർന്ന് ഷാർജയിൽ സംസ്കരിക്കാൻ ശ്രമിച്ചത് ഇന്നലെ കോൺസുലേറ്റ് ഇടപെട്ട് തടഞ്ഞിരുന്നു. സംസ്കാരം ഷാർജയിൽ നടത്താൻ പാടില്ല. എത്രയും വേഗം വിപഞ്ചിക യുടെയും മകളുടെയും മൃതദേഹം ഇന്ത്യയിൽ എത്തിക്കാൻ നടപടി ഉണ്ടാകണം. മരണത്തിൽ ദുരുഹതയുണ്ട്. ഇതിൽ അന്വേഷണം വേണം. നാട്ടിലെ ത്തിച്ച് വീണ്ടും പോസ്റ്റ്മോർട്ടം നടത്തണം എന്നിങ്ങനെയാണ് കുടുംബം കോടതിയിൽ ആവശ്യപ്പെട്ടത്.
അതേ സമയം ഗാർഹിക പീഡനത്തിന് കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് വിപഞ്ചികയുടെ അമ്മയും സഹോദരനും ഷാർജ പോലീസിലും പരാതി നൽകിയിട്ടുണ്ട്. അമ്മയും സഹോദരനും കഴിഞ്ഞ ദിവസമാണ് ഷാർജയിൽ എത്തിയത്. ഈ മാസം 9 നാണ് കൊല്ലം ചന്ദനത്തോപ്പ് രജിത ഭവനിൽ വിപഞ്ചിക, ഒന്നര വയസ്സുള്ള മകൾ വൈഭവി എന്നിവരെ ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിപഞ്ചിക ക്രൂരമായ ഗാർഹിക പീഡനത്തിന് ഇടയായിട്ടുണ്ടെന്നും പീഡനം സഹിക്കാൻ കഴിയാതെ നാട്ടിലേക്കു മടങ്ങാൻ ശ്രമിച്ചപ്പോൾ കുഞ്ഞിന്റെ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ നിതീഷ് കൈക്കലാക്കി യെന്നും ബന്ധുക്കൾ പറയുന്നു.