കാലിക്കറ്റ് സർവ്വകലാശാല സിലബസിൽ നിന്ന് വേടന്റെ പാട്ട് ഒഴിവാക്കണമെന്ന് ശുപാർശ
ഡോ. എം എം ബഷീറാണ് ബിഎ മൂന്നാം സെമസ്റ്റർ പാഠഭാഗത്തിൽ നിന്നും രണ്ടും ഒഴിവാക്കണമെന്ന് വൈസ് ചാൻസിലർ ഡോ. പി രവീന്ദ്രന് റിപ്പോർട്ട് നൽകിയിരിക്കുന്നത്

തേഞ്ഞിപ്പലം: സംഘപരിവാർ എതിർപ്പുയർത്തിയ വേടൻ്റെയും മൈക്കിൾ ജാക്സൻ്റെയും റാപ്പ് സംഗീതം കാലിക്കറ്റ് സർവ്വകലാശാല സിലബസിൽ നിന്നും ഒഴിവാക്കാൻ ശുപാർശ. ബിജെപി സിൻഡിക്കേറ്റംഗം എ കെ അനുരാജ് ചാൻസിലർക്ക് നൽകിയ പരാതിയുടെ ഭാഗമായി നിയോഗിക്കപ്പെട്ട ഡോ. എം എം ബഷീറാണ് ബിഎ മൂന്നാം സെമസ്റ്റർ പാഠഭാഗത്തിൽ നിന്നും രണ്ടും ഒഴിവാക്കണമെന്ന് വൈസ് ചാൻസിലർ ഡോ. പി രവീന്ദ്രന് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
വിദ്യാർത്ഥികൾക്ക് അപ്രാപ്യമാ ണെന്ന കാരണമാണ് റിപ്പോർട്ടിൽ ഒഴിവാക്കലിന് ചൂണ്ടിക്കാട്ടിയി ട്ടുള്ളത്. കഥകളി സംബന്ധിച്ച താരതമ്യ പഠനത്തിനുള്ള ഗൗരിലക്ഷ്മിയുടെ പാട്ടും ഒഴിവാക്കാൻ ഡോ. എം എം ബഷീർ സ്വന്തംനിലയ്ക്കും ശുപാർശ ചെയ്തിട്ടുണ്ട്.
വേടൻ്റെ ‘ ഭൂമി ഞാൻ വാഴുന്നിടം’ എന്ന റാപ്പ് സംഗീതവും മൈക്കിൾ ജാക്സൻ്റെ ‘ ദെ ഡോണ്ട് കെയർ എബൗട്ട് അസ്’ എന്ന റാപ്പ് സംഗീതങ്ങളാണ് സിലബസിൽ ഉൾപ്പെടുത്തിയത്. കോൺഗ്രസ് – ബിജെപി അനുകൂലിയായ ഡോ. പി രവീന്ദ്രന് തലയൂരാനായി നൽകിയ റിപ്പോർട്ടാണിതെന്ന വിമർശനവും ഇതിനകം ഉയർന്നിട്ടുണ്ട്. റിപ്പോർട്ട് മലയാളം ബിരുദ പഠനബോർഡിന് കൈമാറും.