മിഥുന്റെ മരണത്തിൽ വ്യാപക പ്രതിഷേധം ബാരിക്കേഡ് തകർത്ത് പ്രതിഷേധക്കാർ
കെഎസ്‌യു സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തി

തിരുവനന്തപുരം: കൊല്ലം തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിവിധ വകുപ്പുകൾക്ക് നേരെ ആരോപണം ഉന്നയിച്ച് സംസ്ഥാനത്ത് വൻ പ്രതിഷേധം ശക്തം. വിവിധ പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ സെക്രട്ടേറിയറ്റിന് മുമ്പിലും തേവലക്കര സ്‌കൂളിലേക്കും വൈദ്യുതമന്ത്രിയുടെ ഓഫീസിലേക്കും പ്രതിഷേധം സംഘടിപ്പിച്ചു. വൈദ്യുത മന്ത്രി കെ. കൃഷ്‌ണൻകുട്ടിയുടെ പാലക്കാട്ടെ ഓഫീസിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. ബാരിക്കേഡ് തകർത്ത് മുന്നേറാൻ ശ്രമിച്ച ബിജെപി പ്രവർത്തകർക്ക് നേരെ ജലപീരങ്കി ഉപയോഗിച്ചു. പ്രതിഷേധക്കാരുമായി ഉന്തും തള്ളും ഉണ്ടായി.
കൊല്ലം തേലവക്കര സ്‌കൂളിലേക്ക് ആർവൈഎഫ്, കെഎസ്‌യു, യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധവും സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകരും പോലീസും ഏറ്റുമുട്ടി. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എബിവിപി പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. പ്രതിഷേധക്കാർക്കെതിരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.