കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ കഞ്ചാവ് വേട്ട: കൂട്ടു പ്രതികൾ പിടിയിൽ
അന്വേഷണം നടക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി
കോഴിക്കോട്: പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും കഞ്ചാവ് പിടിച്ച കേസിലെ കൂട്ടു പ്രതികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി ഷാഹിദ് ആലം ബിശ്വാസ് എന്ന ആച്ച (25) കൊച്ചി ഇളക്കുന്നപ്പുഴ സ്വദേശി അനിൽ (30) എന്നിവരെയാണ് കസബ പോലീസ് പിടികൂടിയത്. 16ന് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും കസബ പോലീസും ഡാന്‍സാഫ് ടീമും നടത്തിയ പരിശോധനയിലാണ് 28.766 കിലോഗ്രാം കഞ്ചാവുമായി ഷാജി, മോമീനുൾ മലിത എന്നീ രണ്ടു പ്രതികള്‍ പിടിയിലാവുന്നത്.തുടർന്ന് കസബ പോലീസ് ഇവരെ ചോദ്യം ചെയ്തതിരുന്നു. ബാങ്ക് ഇടപാടുകളിലെയും, സൈബർ സെല്ലിന്റെ സഹായത്തോടെയും നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് കൂട്ടു പ്രതികളിലേക്ക് പോലീസിന്റെ അന്വേഷണം എത്തിയത്. ഈ കേസിലെ കൂട്ടു പ്രതികളും സംഘത്തിലെ പ്രധാനികളുമാണ് ഇന്നലെ അറസ്റ്റിലായ രണ്ടു പേരും.
വെസ്റ്റ് ബംഗാൾ സ്വദേശിയായ ഷാഹിദ് ആലം ബിശ്വാസ് ഒറീസ്സയിൽ നിന്നും കൊണ്ട് വന്ന കഞ്ചാവ് കൊച്ചി സ്വദേശിയായ അനിലിനു കൈമാറാൻ വരുന്നതിനിടയിലാണ് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും മറ്റു രണ്ടുപേർ പിടിയിലാവുന്നത്.വെസ്റ്റ് ബംഗാൾ സ്വദേശി ആണെങ്കിലും ഇയാൾ ജനിച്ചതും വളർന്നതും എല്ലാം അങ്കമാലിയിൽ ആയിരുന്നു. മലയാളം നല്ലത് പോലെ സംസാരിക്കുന്ന പ്രതി ലഹരി വിൽപ്പനക്കാരുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. കൊച്ചിയിൽ ഓട്ടോ ഡ്രൈവർ ആയി ജോലി ചെയ്യുന്നതിന്റെ മറവിൽ ലഹരി വിൽപ്പന നടത്തുന്ന അനിലിന് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചത്. പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതിനാലും വീട്ടിൽ വരാതെ മുങ്ങി നടക്കുന്നതിനാലും വളരെയേറെ ബുദ്ധിമുട്ടിയാണ് ഒടുവിൽ എറണാകുളം വെച്ച് പ്രതികളെ പോലീസ് പിടികൂടുന്നത്.

