വയോധികനെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയ ബാലുശ്ശേരി സ്വദേശികൾ പിടിയിൽ
തട്ടിപ്പ് സംഘത്തിലെ രണ്ട് കണ്ണികൾ മാത്രമാണ് പിടിയിലായത്

തൃശൂർ: തൃശൂർ മതിലകം സ്വദേശിയായ വയോധികനെ വെർച്വൽ അറസ്റ്റിലാക്കി ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ രണ്ടുപേർ പിടിയിൽ. ബാലുശ്ശേരി സ്വദേശികളായ കുന്നോത്ത് വീട്ടിൽ അർജുൻ (24), ചെമ്പകത്ത് വീട്ടിൽ ഷിദിൻ (23) എന്നിവരാണ് അറസ്റ്റിലായത്. മതിലകം കൂളിമുട്ടം സ്വദേശിയായ മുൻ പ്രവാസിയാണ് തട്ടിപ്പിനിരയായത്. 2024 ഡിസംബർ 15നായിരുന്നു കേസിനാസ്‌പദമായ സംഭവം.വയോധികനെ വാട്‌സാപ്പ് വീഡിയോ കാളിൽ വിളിച്ച് മുംബൈ പൊലീസ് ആണെന്നും സലാർ പൊലീസ് സ്റ്റേഷനിൽ നിന്നാണെന്നും നിങ്ങൾ ഡിജിറ്റൽ അറസ്റ്റിലാണെന്നും വിശ്വസിപ്പിച്ച് 18.15 ലക്ഷം രൂപ തട്ടിയെടുത്തതാണ് കേസ്.തട്ടിപ്പ് സംഘത്തിലെ രണ്ട് കണ്ണികൾ മാത്രമാണ് പിടിയിലായത്.
സലാർ സ്റ്റേഷനിൽ നിന്നാണ് വിളിക്കുന്നതെന്നും നിങ്ങൾക്കെതിരെ മണി ലോണ്ടറിങ്ങിന് ക്രിമിനൽ കേസുണ്ടെന്നും ഭാര്യയോടൊപ്പം മുംബൈ കോടതിയിലെത്തണമെന്നും ഇല്ലെങ്കിൽ വീട്ടിൽ വന്ന് അറസ്റ്റ് ചെയ്യുമെന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തി. മുംബൈയിലേക്ക് വരാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ വയോധികനോടും ഭാര്യയോടും വീഡിയോ കോളിൽ തുടരാൻ ആവശ്യപ്പെട്ടു.നിങ്ങൾ വെർച്വൽ അറസ്റ്റിലാണെന്നും എല്ലാ ബാങ്ക് അക്കൗണ്ടും ഫ്രീസ് ചെയ്‌ത് ജഡ്ജിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചാൽ അറസ്റ്റ് ഒഴിവാക്കി തരാമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതോടെ പരിഭ്രാന്തരായ വയോധികൻ പിറ്റേദിവസം തന്റെയും ഭാര്യയുടെയും ജോയന്റ്റ് അക്കൗണ്ടിൽ ഫിക്സഡ് ഡെപ്പോസിറ്റിട്ടിരുന്ന 10,18,602 രൂപയും പേഴ്സനൽ അക്കൗണ്ടിലുണ്ടായിരുന്ന 2,25,334 രൂപയും പ്രതിയുടെ അക്കൗണ്ടിലേക്ക് അയച്ചു. കൂടാതെ ഭാര്യയുടെ 100 ഗ്രാം സ്വർണം ബാങ്കിൽ പണയം വെച്ച് 5,72,000 രൂപയും പ്രതികൾക്ക് അയച്ചുകൊടുത്തു. ആകെ 18,15,936 രൂപയാണ് തട്ടിയെടുത്തത്. വാട്‌സാപ്പിൽ ബന്ധപ്പെട്ടവർ ആദ്യം ഹിന്ദിയിലും പിന്നീട് മലയാളത്തിലുമാണ് സംസാരിച്ചതെന്നും കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു. തൃശൂർ റൂറൽ എസ്‌പി ബി. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ മതിലകം ഇൻസ്പെക്ടർ എം.കെ. ഷാജി, എസ്ഐ അശ്വിൻ, എഎസ്ഐ വഹാബ്, സിപിഒ ഷനിൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.