കേരളത്തിലെ ആദ്യ വനിത ഇറച്ചിവെട്ടുകാരി; ചുണ്ടേൽ റുഖിയ വിട പറഞ്ഞു
ചുണ്ടേൽ ചന്തയിൽ ഇറച്ചിവെട്ടിലൂടെ ജീവിതം കരുപ്പിടിപ്പിച്ച റുഖിയയുടെ ജീവിതം ചരിത്രം

വൈത്തിരി: കേരളത്തിലെ ആദ്യത്തെ വനിത ഇറച്ചിവെട്ടുകാരിയായി അറിയപ്പെട്ട ചുണ്ടേൽ റുക്കിയ അന്തരിച്ചു. ശ്രീപുരം മൂവട്ടിക്കുന്ന് ഒറ്റയിൽ റുഖിയ എന്ന ഇറച്ചി റുഖിയാത്ത പെൺകരുത്തിന്റെ വലിയ പ്രതീകമായിരുന്നു. പ്രതിസന്ധികളെ അതിജീവിക്കാൻ 30 വർഷത്തോളം ഇറച്ചിവെട്ട് തൊഴിലായി സ്വീകരിച്ച് എല്ലാവരേയും അത്ഭുതപ്പെടുത്തിയ റുഖിയാത്ത മറ്റുള്ളവർക്ക് മാതൃകകൂടിയായിരുന്നു. വാർധക്യ സഹജമായ അസുഖം മൂലം മരിച്ച റുഖിയ (73) കേരളത്തിലെ ആദ്യ വനിത ഇറച്ചിവെട്ടുകാരികൂടിയാണ്. പുരുഷന്മാർ മാത്രമുണ്ടായിരുന്ന ഇറച്ചിവെട്ട്, കന്നുകാലി കച്ചവട മേഖലയിലേക്ക് ഖാദർ-പാത്തുമ്മ ദമ്പതികളുടെ മകൾ റുഖിയയെ കൊണ്ടെത്തിച്ചത് പ്രാരബ്ധങ്ങളും പ്രതിസന്ധികളുമായിരുന്നു. ചുണ്ടേൽ ചന്തയിൽ ഇറച്ചിവെട്ടിലൂടെ ജീവിതം കരുപ്പിടിപ്പിച്ച റുഖിയ സ്വന്തം കുടുംബത്തിന് മാത്രമല്ല അയൽക്കാർക്കും നാട്ടുകാർക്കും ആശ്രയമായിരുന്നു. തുടക്കത്തിൽ എസ്റ്റേറ്റ് തൊഴിലാളിയായാണ് റുഖിയ വളർന്നത്. അഞ്ചു സഹോദരിമാരുൾപ്പെടെയുള്ള കുടുംബത്തിന്റെ ഭാരം ഏറ്റെടുത്താണ് വേറിട്ട ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. ആദ്യം ഉരുക്കൾ വാങ്ങി കച്ചവടക്കാർക്ക് വിൽക്കുമായിരുന്നു. പിന്നീട് മാടുകളെ സ്വയം അറുത്ത് ചുണ്ടേൽ അങ്ങാടിയിൽ കച്ചവടം ആരംഭിച്ചു. അങ്ങനെ ഇറച്ചി റുഖിയാത്തയെന്ന് അറിയപ്പെട്ടുതുടങ്ങി.
ദേശീയ, അന്തർദേശീയ മാധ്യമങ്ങളിലും വനിത പ്രസിദ്ധീകരണങ്ങളിലും റുഖിയയുടെ ജീവിതം വാർത്തയായി.സംസ്ഥാന സർക്കാറിന്റേതുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ റുഖിയക്ക് ലഭിച്ചിട്ടുണ്ട്. നാല് സഹോദരിമാരെയും റുഖിയയാണ് വിവാഹം കഴിപ്പിച്ചയച്ചത്. സ്വന്തം ജീപ്പിൽ വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലും കേരളത്തിനു പുറത്തും ഗ്രാമാന്തരങ്ങളിലൂടെ ഉരുക്കളെ തേടി പുലരുംമുമ്പേ പുറപ്പെടുമായിരുന്നു. ചിലപ്പോൾ കർണാടകയിലെ കാലിച്ചന്തയിൽനിന്ന് അമ്പതും അറുപതും ഉരുക്കളെ ഒന്നിച്ചു വാങ്ങിക്കൊണ്ടുവരും. സ്വപ്രയത്നത്തിൽ തോട്ടവും വീടുമൊക്കെ ഉണ്ടാക്കിയ റുഖിയ മറ്റുള്ളവരെ സഹായിക്കാനും മറന്നില്ല. മൂന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണെങ്കിലും കന്നടയും നന്നായി കൈകാര്യം ചെയ്യുമായിരുന്നു. പ്രായാധിക്യവും അസുഖങ്ങളും കാരണം കുറച്ചുകാലമായി വിശ്രമ ജീവിതം നയിച്ചുവരുകയായിരുന്നു.