കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു; വീട്ടമ്മ മരിച്ചു
കുടുംബത്തിന് സാമ്പത്തിക ബാധ്യതയുള്ളതായി പോലീസ്

പത്തനംതിട്ട: കൊടുമണ്ണിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വീട്ടമ്മ മരിച്ചു. രണ്ടാംകുറ്റി സ്വദേശിനി ലീലയാണ് മരിച്ചത്. അമിതമായി ഗുളിക കഴിച്ചനിലയിൽ കണ്ടെത്തിയ ഭർത്താവ് നീലാംബരനെയും മകൻ ധിപിനെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബത്തിന് സാമ്പത്തിക ബാധ്യതയുള്ളതായി പോലീസ് പറഞ്ഞു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർ വീട്ടിലെത്തി ഭീക്ഷണിപ്പെടുത്തിയതായി ബന്ധുവും വാർഡ് മെമ്പറും ആരോപിച്ചു. ഇസാഫിൽനിന്ന് പണം വായ്പ്‌പ എടുത്തിരുന്നു. കൃത്യമായി അടയ്ക്കുന്നുണ്ടായിരുന്നു. ഒരു അടവ് മുടങ്ങിയപ്പോൾ ബൈക്കിൽ ആളുകളെത്തി ഭീഷണി മുഴക്കി. ഇതിന്റെ മനോവിഷമത്തിലായിരുന്നു കുടുംബമെന്ന് ബന്ധു പറഞ്ഞു.
ഞായറാഴ്ച വൈകിട്ട് ജീവനൊടുക്കാൻ തീരുമാനിച്ചെങ്കിലും ധിപിൻ പേടിയാണെന്ന് പറഞ്ഞതോടെ പിൻമാറി. രാവിലെ എണീറ്റു തൊട്ടടുത്ത മുറിയിൽ നോക്കിയപ്പോൾ ലീലയെ മരിച്ച നിലയിൽ കാണുകയും തുടർന്ന് ധിപിനും പിതാവും അമിതമായി ഗുളികകൾ കഴിക്കുകയായിരുന്നു വെന്നുമാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. എന്നാൽ, പോലീസ് സ്ഥലത്തെത്തിയപ്പോൾ സാമ്പത്തികബാധ്യത സംബന്ധിച്ച വിവരങ്ങളും മറ്റും പോലീസിനോട് വെളിപ്പെടുത്തിയെങ്കിലും ഗുളിക കഴിച്ച കാര്യം ഇരുവരും മറച്ചുവെച്ചു. പിന്നീട് നടത്തിയ പരിശോധനയിൽ ഇത് ബോധ്യമായ പോലീസ് ഇരുവരെയും ബന്ധുക്കളുടെ സഹായത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.