വ്യാജ നമ്പർ പതിച്ച ജീപ്പിൽ എംഡി എം എ കടത്തിയ ഡ്രൈവറും കൂട്ടാളിയും പിടിയിൽ
പിടിയിലായവർ ജില്ലയിലെ ലഹരി വിൽപന നടത്തുന്നവരിലെ പ്രധാനികൾ

മേപ്പാടി: ചോലാടി ചെക്ക് പോസ്ററിൽ വ്യാജ നമ്പർ പതിച്ച ജീപ്പിൽ എംഡി എം എ കടത്തിയ ഡ്രൈവറും കൂട്ടാളിയും പിടിയിൽ. പൊഴുതന, മുത്താറിക്കുന്ന്, കോഴിക്കോടൻ വീട്ടിൽ കെ.നഷീദ്(38), പൊഴുതന ആറാംമൈൽ, ചാലിൽതൊടി വീട്ടിൽ മുഹമ്മദ് അർഷൽ(28) എന്നിവരെയാണ് ലഹരി വിരുദ്ധ സ്ക്വാഡും മേപ്പാടി പോലീസും ചേർന്ന് ചോലാടി പോലീസ് ചെക്ക് പോസ്റ്റിൽ നിന്ന് പിടികൂടിയത്. ചോലാടി ചെക്ക് പോസ്റ്റിനു സമീപം വച്ചു നടത്തിയ വാഹന പരിശോധനക്കിടെയാണ് 11.09 എം.ഡി.എം.എ. യും 2.35 ഗ്രാം കഞ്ചാവുമായി ഇവർ പിടിയിലാവുന്നത്.
ഇവർ സഞ്ചരിച്ച ജീപ്പിന്റെ മുൻ ഭാഗത്ത് കെഎൽ 01 സി 1126 എന്നും പിറകു വശത്ത് കെ എൽ 01 എൻ 1126 എന്ന വ്യാജ നമ്പർ പ്ലോട്ടുമാണ് ഘടിപ്പിച്ചിരുന്നത്. ഇവരെ നിരന്തരം പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. പിടിയിലായവർ ജില്ലയിലെ ലഹരി വിൽപന നടത്തുന്നവരിലെ പ്രധാനികളാണ്. സബ് ഇൻസ്പെക്ടർ വി. ഷറഫുദ്ധീൻ സീനിയർ സി.പി.ഒ സജാദ്, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് നടത്തിയ പരിശോധനയിൽ പ്രതികളെ പിടികൂടിയത്.