കുറ്റ്യാടി റൂട്ടിൽ ഇന്നും സ്വകാര്യ ബസ് ഓടുന്നില്ല;വലയുന്നത് വിദ്യാർഥികൾ
പ്രശ്നം അനന്തമായി നീണ്ടാൽ എന്ത് ചെയ്യുമെന്ന ആശങ്കയിൽ വിദ്യാർത്ഥികൾ

നടുവണ്ണൂർ : തുടർച്ചയായ നാലാം ദിവസവും കുററ്യാടി കോഴിക്കോട് സംസ്ഥാനപാതയിൽ സ്വകാര്യ ബസ് സർവീസ് ഇല്ല. ഇന്നലെ പൊതു അവധി ആയതിനാൽ പൊതു ജീവിതത്തെ ബാധിച്ചില്ലെങ്കിലും ഇന്ന് സ്കൂളുകളും ഓഫീസുകളും തുറന്നു പ്രവർത്തിക്കുന്നതോടെ യാത്ര പ്രശ്നം വർദ്ധിക്കുകയാണ്. പേരാമ്പ്രയിൽ വിദ്യാർത്ഥി അപകടത്തിൽ മരിച്ചതിനെ തുടർന്നുള്ള സംഭവ വികാസങ്ങളാണ് ബസ് സർവീസ് നിർത്തിവെക്കാൻ ഇടയായ കാര്യങ്ങളിലേക്ക് നീങ്ങിയത്. ഭരണ പ്രതിപക്ഷ ഭേദമന്യേ സംഘടനകളെല്ലാം തന്നെ ബസുകളുടെ അമിത വേഗതയ്ക്കും ജീവനക്കാരുടെ ലഹരി ഉപഭോഗത്തിനും എതിരെ രംഗത്ത് വന്നിരുന്നു.
അതിനിടെ സ്വകാര്യ ബസുകളെ നിയന്ത്രിക്കുന്നതിനായി ബസ് തടയൽ അടക്കമുള്ള സമര പരിപാടികൾ വ്യാപകമാക്കാൻ ഭരണ പ്രതിപക്ഷ സംഘടനകൾ രംഗത്തിറങ്ങുകയാണ്. വിഷയത്തിൽ ജില്ലാ കലക്ടർ ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കിയിട്ടില്ലെങ്കിൽ ബസ് തടയൽ വ്യാപകമാക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കോഴിക്കോട് പുതിയ സ്റ്റാൻഡ്, എരഞ്ഞിക്കൽ, തലക്കുളത്തൂർ, അത്തോളി , ഉള്ളിയേരി , നടുവണ്ണൂർ, പേരാമ്പ്ര, കടിയങ്ങാട്, കുറ്റ്യാടി എന്നിവിടങ്ങളിൽ ഇന്നു മുതൽ ബസ് തടയുമെന്ന് ജില്ലാ വൈസ് പ്രസിഡണ്ട് എസ് സുനന്ദ് പറഞ്ഞു. സ്വകാര്യ ബസുകൾ സർവീസ് നടത്താത്തതിന്റെ രൂക്ഷത അനുഭവിക്കുന്നത് വിദ്യാർത്ഥികളാണ്. കുറ്റ്യാടി, പാലേരി, കടിയങ്ങാട്, പേരാമ്പ്ര, നടുവണ്ണൂർ മേഖലകളിലുള്ള നിരവധി വിദ്യാർത്ഥികൾ കോഴിക്കോട് ടൗണിൽ പഠിക്കുന്നുണ്ട്. ഈ കുട്ടികൾക്ക് കെഎസ്ആർടിസിയിൽ യാത്ര ചെയ്താൽ 100 രൂപയിൽ കൂടുതൽ ഒരു ദിവസം ചെലവു വരും. പലരും ബസ് ഇല്ലാത്തതിനാൽ ലീവ് എടുക്കുകയാണ് ചെയ്യുന്നത്. അതു പോലെ പലയിടങ്ങളിലായി ഹയർ സെക്കൻഡറി വിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികളും ഉണ്ട്. ബസ് ഇല്ലാത്തത് കാരണം വീട്ടിലെ സ്കൂട്ടറും ബൈക്കുകളും എടുത്ത് മൂന്നും നാലും കുട്ടികൾ ഗതാഗത നിയമം ലംഘിച്ചുകൊണ്ട് യാത്ര ചെയ്യുന്നതും വ്യാപകമായിട്ടുണ്ട്. പ്രശ്നം അനന്തമായി നീണ്ടു പോയാൽ എന്ത് ചെയ്യും എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.