കുറ്റ്യാടി റൂട്ടിൽ അപകടമുണ്ടാക്കുന്നതിൽ പ്രധാന പങ്ക് ഓഡിറ്റോറിയങ്ങൾക്കും ഡ്രൈവിംഗ് സ്കൂളുകാർക്കുമെന്ന് ബസ് ജീവനക്കാർ
പേരാമ്പ്ര ടൗണിലെ അനധികൃത പാർക്കിംഗ് അപകടം വരുത്തുന്നു

പേരാമ്പ്ര: കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസപകടങ്ങൾക്ക് വിശദീകരണവുമായി ബസ് ജീവനക്കാരും ഉടമകളും. ഇന്ന് പേരാമ്പ്രയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് അവർ പ്രധാനപ്പെട്ടതും അതിലേറെ കൗതുകമുള്ളതുമായ വിവരങ്ങൾ പങ്കുവെച്ചത്.സംസ്ഥാനപാതയിൽ കുറ്റ്യാടി, വെള്ളിയൂർ, കൂമുള്ളി, പറമ്പത്ത്, തുടങ്ങിയ സ്ഥലങ്ങളിലെ ഓഡിറ്റോറിയങ്ങളിൽ മിക്ക ദിവസങ്ങളിലും പരിപാടികൾ നടക്കുമ്പോൾ റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ബസ്സുകൾക്ക് ഗതാഗത തടസ്സം ഉണ്ടാക്കുന്നു. ഡ്രൈവിംഗ് സ്കൂളുകൾ പരിശീലനം നടത്തുന്നത് സംസ്ഥാന പാതയിലായതും കുറഞ്ഞ സമയത്തിൽ ഓടിയെത്തേണ്ട ബസുകളെ തടസ്സപ്പെടുത്തുന്നു. പേരാമ്പ്രയിൽ റോഡിൻറെ ഇരു സൈഡിലും അനധികൃതമായി പാർക്ക് ചെയ്യുന്നത് ഒത്തു കളിയാണെന്നും ജീവനക്കാർ ആരോപിച്ചു. വൈകി വരുന്ന സമയത്ത് സ്റ്റാൻഡിൽ കയറാതെ പോകുമ്പോൾ ഫൈൻ ഇടുന്നു. ഒരു പ്രശ്നമുണ്ടായിക്കഴിഞ്ഞാൽ എല്ലാവരും ഒന്നിച്ചു ജീവനക്കാർ ക്കെതിരെ തിരിയുന്നു. കഴിഞ്ഞ ദിവസം പേരാമ്പ്രയിലുണ്ടായ അപകടത്തിന്റെ യഥാർത്ഥ കാരണം പരിശോധിച്ചാലറിയാം എന്നതിലൂടെ ആ അപകടം തങ്ങളുടെ കുറ്റമല്ല എന്ന് വ്യംഗ്യമായി സൂചിപ്പിക്കാനും ജീവനക്കാർ മറന്നില്ല.
റോഡരികിലെ ഓഡിറ്റോറിയങ്ങളിലെ പാർക്കിംഗ് പ്രശ്നവും ഡ്രൈവിംഗ് ശരിക്ക് പരിശീലിക്കാത്തവരുടെ വാഹനം ഓടിക്കലുമെല്ലാം പറയുന്നതിൽ ശരിയുണ്ടെങ്കിലും തങ്ങളുടെ ഭാഗത്തു നിന്നുള്ള പിശകുകളൊന്നും ഏറ്റുപറയാൻ ജീവനക്കാർ തയ്യാറായില്ല. അമിത വേഗത, പിറകിലെ വാഹനം പോകാൻ അനുവദിക്കാതെ റോഡിൻറെ ഒത്ത നടുവിൽ നിർത്തൽ, ബ്ലോക്കിൽ പിറകിൽ നിൽക്കേണ്ടി വരുമ്പോൾ നിർത്താതെ എയറോൺ അടിച്ചു പിടിച്ച് മുൻപിലുള്ള ഡ്രൈവറെ സമ്മർദ്ദത്തിലാക്കാൽ, യൂണിഫോം ധരിക്കാത്ത ഡ്രൈവിംഗ്, വിദ്യാർത്ഥികളോടുള്ള മോശമായ പെരുമാറ്റം, ജീവനക്കാരുടെ ലഹരി ഉപയോഗം,ബസ്സിൽ ഉച്ചത്തിൽ പാട്ട് വെക്കൽ തുടങ്ങിയ ഒരു വിഷയത്തിലും ഒന്നും പറയാനുണ്ടായില്ല. രാഷ്ട്രീയ പാർട്ടികളും സംഘടനകളും സമരം പൂർണമായി പിൻവലിച്ചിട്ടും ഇന്നും ബസ് ഓടാത്തതിനെ പറ്റിയും ഉടമകളോ ജീവനക്കാരോ ഒന്നും പറഞ്ഞില്ല.