തൊട്ടിൽപ്പാലത്ത് നാട്ടുകാർക്കിടയിലേക്ക് കാട്ടാന പാഞ്ഞടുത്തു
ഇന്ന് രാവിലെയാണ് ചൂരണിയിലെ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങിയത്

കോഴിക്കോട്: തൊട്ടിൽപ്പാലം ചൂരണിയിൽ നാട്ടുകാർക്കരികിലേക്ക് പാഞ്ഞടുത്ത് കാട്ടാന. സ്ഥലത്ത് പ്രതിഷേധിക്കുന്ന ആളുകൾ ക്കിടയിലേക്കാണ് ആന പാഞ്ഞുവന്നത്. പ്രദേശവാസികൾ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. കൂട്ടം തെറ്റി എത്തിയ കുട്ടിയാനയാണ് ഇവിടെ വീണ്ടും എത്തിയത്. ഇന്ന് രാവിലെയാണ് ചൂരണിയിലെ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങിയത്.
സ്ഥലത്ത് തുടർച്ചയായി കാട്ടാന ശല്ല്യം അനുഭവപ്പെടുന്നതിനാൽ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിരുന്നു. രാവിലെ സംഭവ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെയും നാട്ടുകാർ തടഞ്ഞിരുന്നു. അങ്കണവാടിയോട് ചേർന്നാണ് കുട്ടിയാന നിലയുറപ്പിച്ചിട്ടുള്ളത്. ചൂരണിയിലും കരിങ്ങാടുമായി ദമ്പതികൾ ഉൾപ്പെടെ ആറ് പേരെ കുട്ടിയാന കഴിഞ്ഞ ദിവസങ്ങളിൽ ആക്രമിച്ചിരുന്നു.