പറയഞ്ചേരിയിൽ ഫ്ളാറ്റിന് മുന്നിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച യുവാവ് പിടിയിൽ
മെഡിക്കൽ കോളേജ് പരിസരത്ത് വെച്ചാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്

കോഴിക്കോട്: പറയഞ്ചേരിയിൽ ഫ്ളാറ്റിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച യുവാവ് പിടിയിൽ. പയിമ്പ്രയിൽ വാടകയ്ക്ക് താമസിക്കുന്ന വയനാട് മേപ്പാടി സ്വദേശി തെരുവത്ത് വീട്ടിൽ അമർജിത്തിനെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ കൂട്ടുപ്രതിയും മേപ്പയ്യൂർ പോലീസ് സ്റ്റേഷനിലെ റൌഡി ലിസ്റ്റിൽ ഉൾപ്പെട്ടതുമായ കൊയിലാണ്ടി കാരയാട് സ്വദേശി കുന്നത്ത് വീട്ടിൽ അമൽ (22) നെ മെഡിക്കൽ കോളേജ് പോലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു.
ജനുവരി മൂന്നിലാണ് പറയഞ്ചേരി ഹാദി ഹോംസ് എന്ന ഫ്ലാറ്റിന് മുന്നിൽ നിർത്തിയിട്ടിരുന്ന വയനാട് സ്വദേശി ഡെറിക് എബ്രഹാമിൻ്റെ പേരിലുള്ള ബജാജ് പൾസർ മോട്ടോർ സൈക്കിൾ മോഷണം പോയത്. തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത‌് അന്വേഷണം നടത്തുകയായിരുന്നു. സമീപ പ്രദേശങ്ങളിലെ നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും, സൈബർ സെല്ലുമായി ചേർന്നും നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലും പ്രതികളെപറ്റി മനസ്സിലാക്കുകയും അന്വേഷണസംഘം മെഡിക്കൽ കോളേജ് പരിസരത്ത് വെച്ച് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയു മായിരുന്നു.