കാവിലുംപാറയിൽ കാട്ടാനകുട്ടിയെ പിന്തുടരുന്നതിനിടയിൽ ആർആർടി അംഗത്തിന് പരിക്ക്
ആർആർടി ടീം അംഗങ്ങളും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്

കുറ്റ്യാടി: കാവിലുംപാറയിൽ കാട്ടാന കുട്ടിയെ പിന്തുടരുന്നതിനിടയിൽ ആർആർടി അംഗത്തിന് പരിക്ക്. താമരശ്ശേരിയിൽ നിന്നും വന്ന ആർആർടി അംഗം കരീമിനാണ് പരിക്കേറ്റത്. ദൗത്യസംഘത്തിന്റെ മൂന്നാം ദിവസത്തെ തിരച്ചിലിലും ആനയെ പിടികൂടാൻ ആയില്ല. കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാടും, ചൂരണിയിലും ആറുപേരെ ആക്രമിച്ച കാട്ടാനക്കുട്ടിയെ പിടികൂടാനുള്ള ദൗത്യസംഘത്തിന്റെ ശ്രമത്തിനിടയിലാണ് താമരശ്ശേരിയിൽ നിന്നും വന്ന ആർആർടി സംഘാംഗമായ കരീമിന് പരിക്ക് പറ്റിയത്. ഞായറാഴ്ച ഉച്ചയോടെ കാട്ടാനക്കുട്ടിയെ കരിങ്ങാട് പടിയപ്പള്ളി മലയിൽ കണ്ടെത്തിയിരുന്നു.
ആനയെ പിന്തുടരുന്നതിനിടയിൽ കാലിന് പരിക്ക് പറ്റുകയായിരുന്നു. പരിക്കേറ്റ കരീം കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയാന കരിങ്ങാട് ലഡാക്ക് മലയിലേക്ക് കയറിയെങ്കിലും പിന്നീട് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ദൗത്യസംഘവും ആർആർടി ടീം അംഗങ്ങളും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. വനം വകുപ്പിന്റെ പ്രത്യേക ദൗത്യസംഘം ഡ്രോൺ ഉൾപ്പെടെ സംവിധാനങ്ങൾ ഏർപ്പെടുത്തിട്ടുണ്ട്.