മലേഗാവ് സ്ഫോടനം; പ്രഗ്യാസിങ് ഉൾപ്പെടെ മുഴുവൻപ്രതികളെയും വെറുതെവിട്ടു
അന്വേഷണ ഏജന്‍സി പൂര്‍ണമായും പരാജയപ്പെട്ടെന്ന് കോടതി

ദില്ലി: മലേഗാവ് സ്ഫോടന കേസില്‍ ഏഴു പ്രതികളെയും വെറുതെവിട്ടു. ബിജെപി നേതാവ് പ്രഗ്യാസിങ് താക്കൂർ ഉൾപ്പെടെയുള്ള ഏഴ് പ്രതികളെയാണ് വെറുതെവിട്ടത്. അന്വേഷണ ഏജന്‍സി പൂര്‍ണമായും പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. മുംബൈയിലെ പ്രത്യേക എൻഐഎ കോടതിയാണ് വിധി പറഞ്ഞത്. 2008 സെപ്തംബര്‍ 29 ന് നടന്ന സ്ഫോടന കേസിലാണ് വിധി. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലേഗാവിലെ ഒരു മുസ്ലിം പള്ളിക്ക് അടുത്ത് മോട്ടോർ സൈക്കിളിൽ കെട്ടിയിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.
സംഭവത്തില്‍ ആറ്പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2011ലാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. 2018 ല്‍ വിചാരണ തുടങ്ങി. 323 സാക്ഷികളെയും എട്ട് പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ചു. ഇതില്‍ 40 സാക്ഷികൾ കൂറുമാറിയിരുന്നു. 10,800 ലധികം തെളിവുകള്ളാണ് പരിശോധിച്ചത്.