ബസ് തട്ടി യുവാവ് റോഡിൽ വീണു; ചോദ്യം ചെയ്തപ്പോള്‍ സൂപ്പർ ഫാസ്റ്റ് നടുറോഡിലിട്ട് ഡ്രൈവര്‍ സ്ഥലം വിട്ടു
വിവരമറിഞ്ഞെത്തിയ പോലീസ് സ്വകാര്യ ബസ് ഡ്രൈവറുടെ സഹായത്തോടെ ബസ് മാറ്റി
അരൂർ: ഇടതുവശത്തുകൂടി കടന്നു പോയ കെഎസ്ആർടിസി ബസ് സ്‌കൂട്ടറിന്റെ കണ്ണാടിയിൽ തട്ടി യുവാവ് ദേശീയപാതയിൽ വീണു. യുവാവ് പിന്നാലെ എത്തി ഡ്രൈവറെ ചോദ്യം ചെയ്തതോടെ സൂപ്പർഫാസ്റ്റ് ബസ് നടു റോഡിലുപേക്ഷിച്ച് ജീവനക്കാർ പോയി. അരൂർ പഞ്ചായത്തിനു മുന്നിൽ വ്യാഴാഴ്ച രാവിലെ ഒൻപതു മണിയോടെയായിരുന്നു സംഭവം. ആളുകൾ കൂടിയതോടെ ബസിലെ ഡ്രൈവറും കണ്ടക്ടറും ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയ പാതയുടെ പടിഞ്ഞാറു ഭാഗത്ത് നടുറോഡിൽ വണ്ടി നിർത്തി ഇറങ്ങി ഓട്ടോറിക്ഷ വിളിച്ച് ആശുപത്രിയിലേക്കു പോയി. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കൊല്ലം ഡിപ്പോയുടെ കെഎൽ 15 എ 768-ാം നമ്പർ സൂപ്പർഫാസ്റ്റ് ബസിലെ യാത്രക്കാർ പെരുവഴിയിലായി. എറണാകുളം ഭാഗത്തേക്കുള്ള ഗതാഗതവും കുരുങ്ങി.
വിവരമറിഞ്ഞെത്തിയ അരൂർ പോലീസ് സ്വകാര്യ ബസ് ഡ്രൈവറുടെ സഹായത്തോടെയാണ് ബസ് സമീപത്തെ തൂണുകൾക്കിടയിലേക്ക് മാറ്റി ഇടീച്ചത്. യാത്രക്കാർ പിന്നാലെ എത്തിയ മറ്റ് ബസുകളിൽ കയറിപ്പോയി. ഡ്യൂട്ടിക്കിടെ മർദിച്ചു എന്ന തരത്തിൽ ഡ്രൈവർ പരാതി നൽകിയെങ്കിലും യാത്രക്കാരുടെ മൊഴി എടുത്തപ്പോൾ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.

