മുസ്ലീം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസിൽ അറസ്റ്റിൽ
കുന്ദമംഗലം സ്വദേശി റിയാസിനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു

കോഴിക്കോട്: മുസ്ലീം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസിൽ അറസ്റ്റിലായി. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ ആണ് അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു. ലഹരി ഇടപാടിൽ പങ്കുണ്ടെന്ന് മറ്റൊരു പ്രതിയുടെ കുറ്റസമ്മത മൊഴി ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ലഹരി മരുന്നു കേസിൽ കുന്ദമംഗലം സ്വദേശി റിയാസിനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ മൊഴിയിൽ നിന്നാണ് ബുജൈറിന്‍റെ ലഹരി മരുന്ന് ബന്ധം വ്യക്തമായതെന്ന് കുന്ദമംഗലം പൊലീസ് അറിയിച്ചു. റിയാസും ബുജൈറും ലഹരി ഇടപാട് നടത്തിയതിന്‍റെ വാട്സ്ആപ്പ് ചാറ്റും പൊലീസ് കണ്ടെത്തി.
സംഭവത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുക്കാൻ ചെന്നപ്പോൾ പി.കെ ബുജൈർ പൊലീസിനെ കയ്യേറ്റം ചെയ്തു. ബുജൈറിനെതിരെ ബി എൻ എസ് 132 , 121 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കൃത്യനിർവഹണം തടസപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പ് അടക്കം ചേര്‍ത്താണ് കേസ്. ലഹരി ഉപയോഗത്തിനായുള്ളതെന്ന് സംശയിക്കുന്ന വസ്തുക്കൾ ബുജൈറിന്‍റെ കാറിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കുന്ദമംഗലം പൊലീസാണ് ബുജൈറിനെ അറസ്റ്റ് ചെയ്തത്.