ചെക്യാട് വിദ്യാർത്ഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ കൂട്ടം
ഉമ്മത്തൂർ തൊടുവയിൽ സ്വദേശി അലിയുടെ മകൾ കടിയേൽക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ചെക്യാട് :ചെക്യാട് വിദ്യാർത്ഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ കൂട്ടം. ചെക്ക്യാട് പഞ്ചായത്തിലെ ഉമ്മത്തൂരിൽ വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർഥിനിക്ക് നേരെയാണ് തെരുവുനായക്കൂട്ടം പാഞ്ഞെടുത്തത്. ഉമ്മത്തൂർ തൊടുവയിൽ സ്വദേശി അലിയുടെ മകൾ സജാ ഫാത്തിമ കടിയേൽക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഉമ്മത്തൂർ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന സജ ഫാത്തിമക്ക് നേരെ തെരുവുനായകൾ കുരച്ച് ചാടുകയായിരുന്നു.
സ്കൂൾ വാഹനത്തിൽ വീടിന് മുന്നിൽ ഇറങ്ങിയ ശേഷം വീട്ടിലേക്ക് കയറാൻ ഗേറ്റ് തുറന്നപ്പോൾ, വീട്ടുമുറ്റത്ത് നിലയുറപ്പിച്ച അഞ്ചോളം തെരുവ് നായകൾ വിദ്യാർഥിനിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. വളരെ വേഗത്തിൽ ഗേറ്റ് അടച്ച് ഓടിയതിനെ തുടർന്ന് വിദ്യാർത്ഥിനി കടിയേൽക്കാതെ രക്ഷപെടുകയായിരുന്നു. ഈ മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ 15 ഓളം പേരെ തെരുവുനായ ആക്രമിച്ചിരുന്നു. തെരുവ് നായ ശല്യം വളരെ രൂക്ഷമായ മേഖല കൂടിയാണിത്.