കടയിൽ അതിക്രമിച്ചുകയറി നാശനഷ്‌ടമുണ്ടാക്കി വിദേശത്തേക്ക് കടന്ന പ്രതി പിടിയിൽ
വിദേശത്തുള്ള പ്രതിക്കെതിരെ ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു

കോഴിക്കോട്: കാർ ആക്സസറീസ് കടയിൽ അതിക്രമിച്ചുകയറി നാശനഷ്‌ടമുണ്ടാക്കി വിദേശത്തേക്ക് കടന്ന പ്രതി പിടിയിൽ. അത്തോളി സ്വദേശി കേലോത്ത് വീട്ടിൽ അഷർ അലി (54) യെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തുള്ള പ്രതിക്കെതിരെ പോലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. ഇത് പ്രകാരം കരിപ്പൂർ എയർപോർട്ടിൽ വന്നിറങ്ങിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞു വെയ്ക്കുകയും, നടക്കാവ് പോലീസ് സ്റ്റേഷൻ ഇൽസ്പെക്ടർ പ്രജീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്യുകയുമായിരുന്നു.
മെയ് 25ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. വെസ്റ്റ്ഹിൽ ചുങ്കം സബീന കോംപ്ലക്‌സിൽ മൊടക്കല്ലൂർ സ്വദേശിയായ അബ്ദുൾ നാസറിൻ്റെ ഉടമസ്ഥതയിലുള്ള സ്കിൽഡ വേൾഡ് എന്ന കാർ ആക്സസറീസ് കടയിൽ അതിക്രമിച്ചുകയറി അഷർ അലിയും സുഹൃത്തുക്കളും നാശ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. ഏകദേശം രണ്ടു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പരാതി. അബ്ദുൾ നാസർ പോലീസിൽ പരാതി നൽകിയെന്നറിഞ്ഞ പ്രതി വിദേശത്തേക്ക് കടന്നു കളയുകയായിരുന്നു. നടക്കാവ് പോലീസ് സ്റ്റേഷൻ ഇൽസ്പെക്ടർ പ്രജീഷിന്റെ നിർദ്ദേപ്രകാരം എഎസ്ഐ ഉണ്ണികൃഷ്ണൻ, സിപിഒമാരായ ദീബേഷ്, സാജിക്ക് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.