ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചതിന് പ്രതിഷേധിച്ച വിദ്യാർത്ഥിയെ അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി
ആലപ്പുഴ ജില്ലയിലെ അരൂരിൽ ദേശീയപാതയിലാണ് സംഭവം
ആലപ്പുഴ: ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചതിനെതിരെ പ്രതിഷേധിച്ചപ്പോൾ വിദ്യാർത്ഥിയെ അപായപ്പെടുത്താൻ കെഎസ്ആർടിസി ബസ് ഡ്രൈവർ ശ്രമിച്ചതായി പരാതി. ആലപ്പുഴ ജില്ലയിലെ അരൂരിൽ ദേശീയ പാതയിലാണ് സംഭവം. കോത മംഗലത്ത് വിദ്യാർത്ഥിയായ യദുകൃഷ്ണനാണ് ദുരനുഭവം. തിരുവനന്തപുരത്തു നിന്ന് അങ്കമാലിയിലേക്ക് പോയ കെഎസ്ആർ ടിസി സ്വിഫ്റ്റ് ബാണ് യദുകൃഷ്ണന്റെ ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചത്. ബൈക്കിൽ തൃപ്പൂണിത്തുറയിലേക്ക് പോവുകയായിരുന്നു വിദ്യാർത്ഥി. വസ്ത്രത്തിൽ ചെളി പുരണ്ടതിനാൽ കോളേജിലേക്കുള്ള യാത്ര മുടങ്ങുന്ന സ്ഥിതിയായപ്പോഴാണ് ഒറ്റയാൾ പ്രതിഷേധത്തിന് യദുകൃഷ്ണൻ ഇറങ്ങിയത്.
ചെളിവെള്ളം തെറിച്ചതോടെ ബൈക്കിൽ ബസിനെ മറികടന്ന് വഴിയിൽ തടഞ്ഞ വിദ്യാർത്ഥി കൈയ്യിലെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിക്കൊണ്ടാണ് കെഎസ്ആർടിസി ജീവനക്കാരോട് സംസാരിച്ചത്. ഇതിനിടെ വിദ്യാർത്ഥി ബസിൻ്റെ നേരെ മുൻവശത്ത് എത്തി. അപ്പോഴാണ് ഡ്രൈവർ ബസ് മുന്നോട്ട് എടുക്കാൻ ശ്രമിച്ചത്. അപായ മുണ്ടാകാനുള്ള സാധ്യത തിരിച്ചറിഞ്ഞ് സംഭവം കണ്ടുനിന്ന നാട്ടുകാർ ഒച്ചവെച്ചതോടെ ഡ്രൈവർ ഈ നീക്കത്തിൽ നിന്ന് പിന്മാറി. ബസിൻ്റെ ചലനങ്ങൾ പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്.

