വളർത്തുനായയുടെ പിന്നാലെ പുലി ഓടിക്കയറിയത് വീട്ടിനുള്ളിലേക്ക്
സ്ഥലത്ത് കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേതെന്ന് വനം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ പൂമരുതിക്കുഴിയിൽ പുലി വീട്ടിലേക്ക് ഓടിക്കയറി. വളർത്തുനായയെ പിന്തുടർന്നാണ് പുലി വീട്ടിൽ കയറിയത്. ഇന്നലെ ഉച്ച കഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം. പൊന്മേലിൽ രേഷ്മയുടെ വീട്ടിലേക്കാണ് പുലി ഓടിക്കയറിയത്. സ്ഥലത്ത് കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേതെന്ന് വനം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
കൂടുവെച്ച് പുലിയെ പിടിക്കാനാണ് നിലവിലെ ആലോചന. രണ്ടുവർഷത്തിനിടെ മേഖലയിൽ കൂടുവെച്ച് രണ്ട് പുലികളെ പിടികൂടിയിരുന്നു. കലഞ്ഞൂർ നാലാം വാർഡ് പാക്കണ്ടമെന്ന സ്ഥലത്ത് ഇന്നലെ പുലർച്ചെ പുലി ഇറങ്ങി കോഴിയെ പിടിക്കുന്ന സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.