വടകരയിലെ തോണി അപകടം; മകനെ ജീവിതത്തിലേക്ക് കരകയറ്റി പിതാവ് യാത്രയായി
സുനീറിനെ ബാപ്പ സുബൈർ കരയിലേക്ക് തള്ളി വിടുകയായി രുന്നു.

വടകര: മകൻ സുനീറിനെ ജീവിതത്തിലേക്ക് കര കയറ്റിയാണ് ബാപ്പ സുബൈർ യാത്രയായത്. അഴിത്തലയിൽ മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞ് ബാപ്പയും മകനും മരണത്തെ മുഖാമുഖം കണ്ടപ്പോൾ മകനെ ജീവിതത്തിലേക്ക് തിരികെവിട്ടാണ് പിതാവിന്റെ അന്ത്യയാത്ര. ചൊവ്വ രാത്രി 11 ഓടെയാണ് സാൻഡ് ബാങ്ക്സ് അഴിത്തലയിൽ മത്സ്യബന്ധത്തിനിടെ തോണി മറിഞ്ഞ് അപകടമുണ്ടായത്. തിരമാലകളിൽപ്പെട്ട് തോണി മറിഞ്ഞപ്പോൾ ഇരുവരും തോണിയിൽ പിടിച്ചുനിന്നു.
സുനീറിനെ ബാപ്പ സുബൈർ കരയിലേക്ക് തള്ളി വിടുകയായി രുന്നു. സുനീർ നീന്തി കരക്ക് കയറിയെങ്കിലും സുബൈറിന് കൂറ്റൻ തിരമാലകളിൽനിന്ന് രക്ഷപ്പെടാമായില്ല. അപകടത്തിൽ ജീവൻ തിരിച്ചുകിട്ടിയെങ്കിലും അസ്വസ്ഥതകൾ അനുഭവപ്പെട്ട സുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാട്ടുകാർ രാത്രിയിൽ തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്ന് ബുധൻ രാവിലെ മുതൽ മത്സ്യത്തൊഴിലാളികളും തീരദേശ പൊലീസും ഫിഷറീസിന്റെ റെസ്ക്യൂ ബോട്ട് ഉൾപ്പെടെ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ല. തിരച്ചിലിന് നേവിയുടെ സഹായവും തേടി. നേവിയുടെ ഹെലികോപ്റ്റർ എത്തുന്നതിനുമുമ്പേ തന്നെ ഉച്ചയോടെ മൃതദേഹം അയനിക്കാട് തീരത്തോട് ചേർന്ന് കരിങ്കല്ലുകൾക്കിടയിൽനിന്ന് കണ്ടെത്തുകയായിരുന്നു. മൃതദേഹം പുറത്തെടുത്ത് വടകര ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.