നോക്കാൻ വയ്യ, മടുത്തു' വീടിനുള്ളിൽ വെള്ളപുതപ്പിച്ച് സഹോദരിമാരുടെ മൃതദേഹങ്ങൾ
കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി യെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട്: തടമ്പാട്ട്താഴം ഫ്ലോറിക്കന്റോഡിലെ വാടകവീട്ടിൽ സഹോദരിമാരെ കൊലപ്പെടുത്തിയതാണെന്ന് തെളിയിക്കുന്ന സാഹചര്യ തെളിവുകളേറെ. മൂലക്കണ്ടി എം. ശ്രീജയ(70), എം. പുഷ്പലളിത(66) എന്നിവരെയാണ് രണ്ട് മുറികളിലായി മരിച്ചനിലയിൽ കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന സഹോദരനായ എം. പ്രമോദ്(62)നെ സംഭവ ദിവസം തന്നെ കാണാതായിരുന്നു. ഇയാൾക്കുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി എന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹോദരനായുള്ള അന്വേഷണം ഊർജിതമാക്കിയത്.ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രമോദ് പുലർച്ചെ അഞ്ചുമണിയോടെ അത്താണിക്കലിലുള്ള ബന്ധുവിനോട് സഹോദരി മരിച്ചിട്ടുണ്ടെന്ന് വിളിച്ച് അറിയിച്ചിരുന്നു. രാവിലെ എട്ട് മണിയോടെ ബന്ധുക്കൾ എത്തിയപ്പോൾ വീടിന്റെ വാതിൽ ചാരിയിട്ട നിലയിലായിരുന്നു.
തുറന്നു നോക്കിയപ്പോൾ രണ്ടു മുറികളിലായി രണ്ടു പേർ മരിച്ചു കിടക്കുന്നതായി കണ്ടു. നിലത്ത് കിടക്കയിൽ കിടത്തിയശേഷം വെള്ളത്തുണി കൊണ്ട് പുതപ്പിച്ച നിലയിലായിരുന്നു രണ്ടു പേരും. ബന്ധുക്കളെത്തുമ്പോഴേക്കും പ്രമോദ് സ്ഥലം വിട്ടിരുന്നു. സമീപത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഉടനെ ചേവായൂർ പോലീസിലും വിവരം അറിയിച്ചു. മരിച്ച രണ്ടുപേർക്കും ശാരീരികമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ശ്രീജയ കോവിഡിനു ശേഷം തളർന്നു കിടക്കുകയായിരുന്നു. അവിവാഹിതരായ മൂന്നു പേരും മൂന്ന് വർഷത്തോളമായി ഫ്‌ലോറിക്കൻ റോഡിലെ വീട്ടിൽ താമസിച്ചു വരുകയായിരുന്നു. നേരത്തേ നടക്കാവ് ഇംഗ്ലീഷ് പള്ളിയ്ക്ക് സമീപവും പിന്നീട് വേങ്ങേരിയിലുമാണ് ഇവർ താമസിച്ചിരുന്നത്. സഹോദരിമാരെ നോക്കാൻ വയ്യ, മടുത്തുമെന്ന് പ്രമോദ് നേരത്തെ പറയാറുണ്ടായിരുന്നുവത്രേ. ശ്രീജയ ആരോഗ്യ വകുപ്പിൽ നിന്ന് വിരമിച്ചതാണ്. ഇവരുടെ പെൻഷനിലാണ് മൂവരും ജീവിച്ചിരുന്നത്. പ്രമോദ് ഇലക്ട്രിക്കൽ ജോലികൾക്കു പുറമേ ലോട്ടറി വിൽപ്പനയും നടത്തിയിരുന്നതായി അയൽവാസികൾ പറഞ്ഞു. സഹോദരനെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായി ഡിസിപി അരുൺ കെ. പവിത്രൻ പറഞ്ഞു.