കോഴിക്കോട്ടെ ആദ്യ മോഷണത്തിൽ തന്നെ കുടുങ്ങി ട്രെയിൻ കള്ളൻ
ട്രെയിൻ മാത്രം മോഷണം നടത്തുന്ന ഇയാളുടെ കേരളത്തിലെ ആദ്യ മോഷണമായിരുന്നു

കോഴിക്കോട്: കോഴിക്കോട് വയോധികയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് പണം മോഷ്ടിച്ചയാൾ പിടിയിൽ. ഇയാൾ സ്ഥിരം മോഷണക്കേസ് പ്രതിയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശിയായ മുഹമ്മദ് സൈഫ് അസ്ഖർ അലി ചൗധരിയാണ് പ്രതി. ട്രെയിൻ കേന്ദ്രീകരിച്ച് മാത്രം മോഷണം നടത്തുന്ന ചൗധരിയുടെ കേരളത്തിൽ ആദ്യത്തെ മോഷണമായിരുന്നു കോഴിക്കോട്ടേതെന്നും പൊലീസ് വ്യക്തമാക്കി. ട്രെയിനിൽ ചായ വിൽപനയായിരുന്നു ചൗധരിയുടെ ജോലി. 13 വയസുമുതൽ സ്ഥിരമായി മോഷണക്കേസുകളിൽ പ്രതിയാണിയാൾ.
മുംബൈ പൻവേലിൽ നിന്നാണ് പ്രതിയെ റെയിൽവേ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച കവർചയ്ക്ക് ശേഷം ട്രെയിനിൽ നിന്ന് ചാടി മറ്റൊരു ട്രെയിനിൽ മഡ്‌ഗാവിലും പിന്നീട് പൻവേലിലേക്കും കടന്നുകളയുകയായിരുന്നു. സമ്പർക്രാന്തി എക്‌സ്പ്രസ്സിൽ യാത്ര ചെയ്യുമ്പോൾ കോഴിക്കോട് ഫ്രാൻസിസ് റോഡ് മേൽപ്പാലത്തിൽ വെച്ചായിരുന്നു മോഷണം. 'തൃശൂർ സ്വദേശിയായ അമ്മിണിയുടെ ബാഗ് ഇയാൾ തട്ടിപ്പറിക്കുകയായിരുന്നു. അമ്മിണി ട്രെയിനിന്റെ വാതിലിനരികിൽ നിൽക്കുമ്പോഴായിരുന്നു പെട്ടെന്നുള്ള അക്രമണം. അമ്മിണി പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ ചൗധരി ഇവരെ പുറത്തേക്ക് തള്ളിയിട്ട് ഇറങ്ങി ഓടുകയായിരുന്നു. ട്രെയിൻ പതിയെ പോയതിനാൽ അപകടം ഒഴിവായി. സാരമായി പരുക്കേറ്റ അമ്മിണി ആശുപത്രിയിൽ ചികിത്സ തേടി. 8500 രൂപയും മൊബൈൽ ഫോണുമടങ്ങിയ ബാഗുമാണ് അമ്മിണിയുടെ കയ്യിൽ നിന്ന് ചൗധരി തട്ടിപ്പറിച്ച് ഓടിയത്.