കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിൽ "വാർ & പീസ് " - "നോ വാർ" ദൃശ്യരൂപമൊരുക്കി
ഹയർ സെക്കന്ററി വിഭാഗം സ്കൗട്ട് ട്രൂപ്പ് പരിപാടിയ്ക്ക് നേതൃത്വം നൽകി.

കോക്കല്ലൂർ:ഹിരോഷിമ, നാഗസാക്കി ദിനങ്ങൾ, ക്വിറ്റ് ഇന്ത്യ ദിനം, സ്വാതന്ത്ര്യ ദിനം എന്നിവയോടനുബന്ധിച്ച് "WAR & PEACE": "യുദ്ധവും സമാധാനവും" എന്ന പേരിൽ യുദ്ധവിരുദ്ധ - സമാധാന പരിപാലന സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് കോക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ "NO WAR" പരിപാടി സംഘടിപ്പിച്ചു.
ഹയർ സെക്കന്ററി വിഭാഗം സ്കൗട്ട് ട്രൂപ്പ് നേതൃത്വം നൽകിയ പരിപാടി യിൽ ഹയർ സെക്കന്ററിയിലെ മുഴുവൻ കുട്ടികളും സ്കൂൾ മൈതാനത്ത് അണിനിരന്ന് NO WAR ദൃശ്യരൂപമൊരുക്കി.
"ബി പോസിറ്റീവ് " എന്നതിന്റെ സൂചകമായി പ്ലസ് ചിഹ്നത്തിന്റെ രൂപത്തിൽ സ്കൗട്ടുകൾ NO WAR മുദ്രാവാക്യവുമായി മധ്യഭാഗത്തും ചുറ്റിലുമായി "നാനാത്വത്തിൽ ഏകത്വം" എന്നതിന്റെ പ്രതീകമായി ഭാരതത്തിന്റെ വൈവിധ്യവും അക്ഷര സ്നേഹവും കരുത്തും വിളിച്ചോതുന്ന തരത്തിൽ വിവിധ നിറങ്ങളിലുള്ള പുസ്തകങ്ങൾ കൈകളിൽ പിടിച്ചു കൊണ്ട് കുട്ടികളും അണിനിരന്നു.
പരിപാടിക്ക് പ്രിൻസിപ്പൽ എൻ.എം. നിഷ, സീനിയർ അസിസ്റ്റന്റും സ്കൗട്ട് മാസ്റ്ററുമായ മുഹമ്മദ് സി അച്ചിയത്ത്, പി.ടി.എ പ്രസിഡന്റ് അജീഷ് ബക്കീത്ത, ഹയർ സെക്കന്ററി അധ്യാപകർ, ട്രൂപ്പ് ലീഡർ എൻ കൃഷ്ണനുണ്ണി, സ്കൗട്ട് ട്രൂപ്പ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ഇതിന്റെ ഭാഗമായി കുട്ടികൾക്കായി ക്വിസ് മത്സരം, ദേശഭക്തിഗാനാലാപന മത്സരം, പോസ്റ്റർ രചന , പോസ്റ്റർ പ്രദർശന മത്സരം എന്നിവയും നടക്കുന്നു.