ബൈക്കിൽ പറ്റിയ പെയിന്‍റ് വഴിത്തിരിവായി; യുവാവിന്‍റെ മരണം കാറിടിച്ചെന്ന് കണ്ടെത്തൽ
അപകട സ്ഥലത്ത് പന്നിയെ ചത്ത നിലയിൽ കണ്ടതോടെ അപകടം പന്നിയിടിച്ചാണെന്നാണ് ആദ്യം കരുതിയത്

കൊല്ലം: മടത്തറയിൽ 26കാരൻ മരിച്ചത് ബൈക്കില്‍ പന്നിയിടിച്ചല്ലെന്ന് പൊലീസ്. തിരുമല രാമമംഗലം സ്വദേശി ആദർശ് മരിച്ചത് കാർ ഇടിച്ചെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയായ അബ്ദുൾ ഖാദറിനെ പൊലീസ് പിടികൂടി. ഇയാൾ ഓടിച്ചിരുന്ന കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അബ്ദുൾ ഖാദർ ഓടിച്ചിരുന്ന കാർ കാട്ടുപന്നിയെ ഇടിച്ച് നിയന്ത്രണം വിട്ട് ആദർശിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. തിരുവനന്തപുരം- ചെങ്കോട്ട അന്തർസംസ്ഥാന പാതയിൽ മടത്തറ വേങ്കൊല്ല ഫോറസ്റ്റ് ഓഫീസിന് മുന്നിലായി വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നും കൊടൈക്കനാലിലേക്ക് പുലർച്ചെ നാലിന് ബൈക്കുകളിലായി അഞ്ച് പേരാണ് യാത്രതിരിച്ചത്. മുമ്പിൽ പോയ ആദർശ് അപകടത്തിൽ പെടുകയായിരുന്നു. കൂടെയുള്ളവർ എത്തിയപ്പോൾ ആദർശ് റോഡരികിൽ പരിക്കേറ്റ് കിടക്കുന്നതാണ് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അപകട സ്ഥലത്ത് പന്നിയെ ചത്ത നിലയിൽ കണ്ടതോടെ പന്നിയിടിച്ച് വാഹനം അപകടത്തിൽ പ്പെട്ടെന്നായിരുന്നു കരുതിയത്.
എന്നാൽ ആദർശിന്റെ ബൈക്കിൽ മറ്റൊരു വാഹനത്തിന്റെ പെയ്ന്റ് ശ്രദ്ധയിൽപ്പെട്ട പൊലീസ് സിസിടിവി വിശദമായി പരിശോധിച്ചപ്പോഴാണ് മാടത്തറ ഭാഗത്തേക്ക് തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാഹനം പോയതായി കണ്ടെത്തിയത്. അപകട സ്ഥലത്ത് കാർ അൽപ്പസമയം നിർത്തി പിന്നീട് വേഗത്തിൽ മുന്നോട്ടു പോയെന്ന സമീപവാസിയുടെ മൊഴിയും നിർണായകമായി. അപകടത്തിന് ശേഷം അരക്കിലോമീറ്ററോളം മുന്നോട്ടുപോയപ്പോൾ അബ്ദുൾ ഖാദർ ആദർശിന്റെ സുഹൃത്തുക്കളെ കണ്ടെങ്കിലും അപകടവിവരം പറഞ്ഞില്ല. തലയ്ക്ക് ഗുരുതമായി പരിക്കേറ്റ ആദർശ് ഈ നേരം ചോരവാർന്ന് കിടക്കുകയായിരുന്നു.