ലൈംഗിക അതിക്രമകേസ് ;റാപ്പര്‍ വേടനെതിരെ വീണ്ടും പരാതി
വേടനെതിരെ രണ്ട് യുവതികള്‍ മുഖ്യമന്ത്രിക്ക് നേരിട്ട് എത്തിയാണ് പരാതി നല്‍കിയത്.

തിരുവനന്തപുരം :റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിക്ക് കുരുക്ക് മുറുകുന്നു. വേടനെതിരെ രണ്ട് യുവതികള്‍ മുഖ്യമന്ത്രിക്ക് നേരിട്ട് എത്തിയാണ് ശനിയാഴ്ച പരാതി നല്‍കിയത്. 2020 ലും, 2021 ലും ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതികള്‍. അതേസമയം, തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസില്‍ വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഈ സാഹചര്യത്തില്‍ പുതിയ പരാതി കൂടി ഉയര്‍ന്നത് മുന്‍കൂര്‍ ജാമ്യാപേക്ഷയെ ബാധിക്കുമെന്നും സൂചനയുണ്ട്.
2021 മുതല്‍ 2023 വരെ വേടന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയില്‍ തൃക്കാക്കര പൊലീസാണ് കേസെടുത്തത്. പരാതിക്ക് പിന്നാലെ വേടനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഒളിവില്‍ ആണെന്നാണ് വിവരം. വേടനായി ലുക്ക്ഔട്ട് സര്ക്കുലര്‍ പുറത്തിറക്കിയിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
വേടന്‍ പെണ്‍കുട്ടിയുമായി നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്