കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച രണ്ടുപേരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച രണ്ടുപേരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്.
പനി ബാധിച്ച് ചികിത്സക്കെത്തിയ ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ യുവാവിനുമാണ് മെഡിക്കൽ കോളജിൽ നടത്തിയ സ്രവപരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.
ഇരുവരുടെയും വീടുകളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥല ത്തെത്തി ജലത്തിന്റെ സാംപിളുകൾ ശേഖരിച്ചിരുന്നു. താമരശ്ശേരിയിൽ നാലാംക്ലാസുകാരി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചതോടെ പ്രദേശത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് താമരശ്ശേരി സ്വദേശിനിയും നാലാം ക്ലാസ് വിദ്യാർത്ഥിനിയുമായ അനയ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്. പനി ബാധിച്ച ഉടൻ കുട്ടിയുടെ മരണം സംഭവിച്ചതിനാൽ പ്രദേശത്തെ വീടുകളിൽ ആരോഗ്യവകുപ്പ് പനി സർവേ നടത്തിയിരുന്നു. മരിച്ച കുട്ടിയുടെ രണ്ട് സഹോദരങ്ങൾ, രണ്ട് സഹപാഠികൾ എന്നിവരെ പനിയുള്ളതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.