ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; പ്രതി അസ്ഫാക് ആലത്തിന് സഹതടവുകാരന്റെ മർദ്ദനം
കേസിൽ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചിരുന്നു.

ആലുവ :ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തിന് ജയിലിനുള്ളിൽ മർദ്ദനം. സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നീ കൊലപാതക കേസിലെ പ്രതിയാണെന്ന് പറഞ്ഞാണ് കയ്യിൽ ഉണ്ടായിരുന്ന സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തി പ്പരിക്കേൽപ്പിച്ചത്. സഹതടവുകാരനായ രഹിലാൽ രഘുവാണ് ഇത്തരത്തിൽ അസ്ഫാക് ആലത്തെ മർദ്ദിച്ചത്.
ആലുവയിൽ അഞ്ചുവയസ്സു കാരിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി മാർക്കറ്റിന് സമീപം ഉപേക്ഷിച്ച കേസിലെ പ്രതിയാണ് അസ്ഫാക്ക് ആലം. വിയ്യൂർ ജയിലിൽ കഴിയവെയാണ് മർദ്ദനം. ഇയാൾക്ക് തലയ്ക്കും മുഖത്തും പരിക്കേറ്റു. കഴിഞ്ഞദിവസം ജയിൽ വരാന്തയിലൂടെ നടന്നു പോകുമ്പോൾ സഹ തടവുകാരൻ മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ സഹ തടവുകാരനായ കോട്ടയം സ്വദേശി രഘുവിനെതിരെ വിയൂർ പൊലീസ് കേസെടുത്തു.
ജൂലൈ 28നായിരുന്നു അതിഥി തൊഴിലാളികളുടെ അഞ്ച് വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കേസിൽ ഏകദേശം 800 പേജോളം വരുന്ന കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്. അഞ്ചുവയസു കാരിയെ പീഡനത്തിന് ശേഷം കഴുത്തു മുറുക്കി കൊലപ്പെടുത്തിയെന്നായിരുന്നു പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട്. കുട്ടിയുടെ സ്വകാര്യ ഭാഗത്തിലും തലയിൽ കല്ലുകൊണ്ട് ഇടിച്ചതിന്റെ മുറിവുകളുമുണ്ട്. കഴുത്തു ഞെരിച്ചാണ് കൊലപാതകം നടത്തിയത്.
കേസിൽ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചിരുന്നു. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇയാൾക്ക് വധശിക്ഷ വിധിച്ചത്. പോക്സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾക്ക് പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.