മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം; സിദ്ധാര്‍ത്ഥ് വരദരാജിനും കരണ്‍ കരണ്‍ ഥാപ്പര്‍ക്കും സമന്‍സ്
എന്താണ് കേസ്, എഫ്ഐആര്‍ എന്തിൻ്റെ അടിസ്ഥാനത്തിലാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടില്ല

ദില്ലി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാർത്ഥ് വരദരാജിനും കരണ്‍ ഥാപ്പര്‍ക്കുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്. ‘ദ വയറി’ന്റെ സ്ഥാപക പത്രാധിപനും മുതിർന്ന മാധ്യമ പ്രവർത്തകനുമാണ് സിദ്ധാർത്ഥ് വരദരാജന്‍. ഇരുവര്‍ക്കും പൊലീസ് സമൻസ് അയച്ചു. ഓഗസ്റ്റ് 22 ന് ഗുവാഹത്തി പൊലീസിന്റെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാനാണ് നിർദേശം. സമൻസിനൊപ്പം എഫ്‌ഐആര്‍ നൽകിയിട്ടില്ലെന്നാണ് വിവരം. കേസിനെക്കുറിച്ചുള്ള ഒരു വിവരവും പൊലീസ് പങ്കുവെച്ചിട്ടില്ല.
എന്താണ് കേസ്, എന്തിന്‍റെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്തത് എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. ഇരുവര്‍ക്കും എതിരെ രാജ്യദ്രോഹ കുറ്റം ചുമത്താനുള്ള കാരണം ഉണ്ടെന്നും അതു കൊണ്ട് അന്വേഷണവുമായി ബന്ധപ്പെട്ട് സഹകരിക്കണം എന്നുമാണ് പൊലീസിന്‍റെ ഭാഷ്യം. ഓപ്പറേഷൻ സിന്ദൂറിലെ പിഴവുകളെക്കുറിച്ച് ദി വയറിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പേരിലാണ് ആദ്യം കേസെടുത്തിരുന്നത്. കേസിലെ തുടര്‍ നടപടികൾ കോടതി തടഞ്ഞിരുന്നു. മാധ്യമറിപ്പോർട്ടുകൾ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരല്ല എന്നും കോടതി നിര്‍ദേശിച്ചു. പിന്നാലെയാണ് പുതിയ സമന്‍സ് അയച്ചിരിക്കുന്നത്.