വിവാഹ ദിനത്തിൽ ഫോട്ടോഷൂട്ടിനായി കാറിൽ സഞ്ചരിച്ച വധുവരന്മാരെ യുവാക്കൾ വഴിതടഞ്ഞ് മർദിച്ചു
വധൂവരന്മാർ യാത്രചെയ്‌ത കാറിൽ ഫോട്ടോഗ്രാഫർമാരും ഉണ്ടായിരുന്നു

പത്തനംതിട്ട: വിവാഹ ദിനത്തിൽ ഫോട്ടോഷൂട്ടിനായി കാറിൽ സഞ്ചരിച്ച നവവധുവിനെയും വരനെയും യുവാക്കൾ വഴിതടഞ്ഞ് മർദിച്ചതായി ആരോപണം. ബൈക്കിനു വശം കൊടുത്തില്ലെന്ന് ആരോപിച്ച് കാർ തടഞ്ഞ് ആക്രമിച്ച സഹോദരങ്ങളായ മൂന്ന് പേരുൾപ്പെടെ നാല് പ്രതികളെ കീഴ്വായ്പ്പൂർ പോലീസ് അറസ്റ്റു ചെയ്തു. കല്ലൂപ്പാറ നെടുമ്പാറയിലാണ് സംഭവം. കല്ലൂപ്പാറ നെടുമ്പാറ മണ്ണഞ്ചേരി മലയിൽ വീട്ടിൽ അഭിജിത്ത് അജി (27), സഹോദരന്മാരായ അഖിൽജിത്ത് അജി (25), അമൽജിത്ത് അജി (22), പുറമറ്റം വലിയപറമ്പിൽ വീട്ടിൽ മയൂഖ് നാഥ് (20) എന്നിവരാണ് പിടിയിലായത്. നവദമ്പതിമാരായ നെടുമ്പാറ കോലാനിക്കൽ മലയിൽ മുകേഷ് മോഹൻ, കോട്ടയം കുറിച്ചി സ്വദേശിനി ദീപ്തിമോൾ എന്നിവർക്കാണ് മർദനമേറ്റത്.
ഇവരുടെ വിവാഹദിവസമായ 17-ന് വൈകീട്ട് നാലിന് മുകേഷിൻ്റെ വീട്ടിൽവ ന്ന വാഹനങ്ങൾ പിന്നിൽ സഞ്ചരിച്ച അഭിജിത്തിന്റെ ബൈക്കിനു വശം കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. വധൂവരന്മാർ യാത്രചെയ്‌ത കാറിൽ ഫോട്ടോഗ്രാഫർമാരും ഉണ്ടായിരുന്നു. കാറിൻ്റെ മുന്നിൽ കയറി തടഞ്ഞു നിർത്തിയ ശേഷം അഭിജിത്ത് വരനെയും വധുവിനെയും ആക്രമിച്ചു. മറ്റ് പ്രതികൾ കാറിൻ്റെ പിന്നിലെ ഗ്ലാസ് അടിച്ചുപൊട്ടിച്ചു. ഡോറുകൾ ഇടിച്ചു കേടുപാടു വരുത്തി. മുകേഷിൻ്റെ സുഹൃത്തുക്കളും പ്രതികളും തമ്മിൽ ഒരുവർഷംമുമ്പ് അഭിജിത്തിന്റെ കല്യാണദിവസം അടിപിടി ഉണ്ടായിട്ടുണ്ട്. ഇതിന്റെ മുൻവിരോധം ഇരു കൂട്ടർക്കുമിടയിൽ നിലനിൽക്കുന്നുമുണ്ട്. അഖിൽ ജിത്തും അമൽജിത്തും കഴിഞ്ഞ വർഷം കീഴ്വായ്പ്പൂര് പോലീസ് രജിസ്റ്റര് ചെയ്ത ദേഹോപദ്രവക്കേസിൽ പ്രതികളാണ്. നെടുമ്പാറ സ്വദേശിയെ കമ്പുപയോഗിച്ച് ആക്രമിച്ച സംഘത്തിൽ ഇവരും ഉൾപ്പെട്ടിരുന്നു. പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥ്, എസ്ഐ കെ. രാജേഷ് നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.