മുത്തങ്ങയിൽ വാഹന പരിശോധനയിൽ വൻ തോതിൽ എം.ഡി.എം.എ. പിടികൂടി
ബത്തേരി പോലീസും ലഹരി വിരുദ്ധ സേനയും ചേർന്നാണ് അറസ്റ്റ് ചെയ്തത്

സുൽത്താൻ ബത്തേരി: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് മുത്തങ്ങയിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ വീണ്ടും വന്തോതിൽ എം.ഡി.എം.എ. പിടികൂടി. 19.38 ഗ്രാം എം.ഡി.എം.എ.യുമായി റിപ്പൺ സ്വദേശി വടക്കൻ വീട്ടിൽ കെ. അനസിനെയാണ് (21) ബത്തേരി പോലീസും ലഹരി വിരുദ്ധ സേനയും ചേർന്ന് അറസ്റ്റ് ചെയ്തത്.
മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ്സിലാണ് അനസ് ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. വയനാട്ടിലെ വിവിധ സ്ഥലങ്ങളിൽ വിതരണം നടത്താനായി ബെംഗളൂരുവിൽ നിന്നാണ് എം.ഡി.എം.എ. കൊണ്ടുവന്നതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. ഇയാൾക്ക് പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിൽ ലഹരിക്കേസ് നിലവിലുണ്ട്.