കോഴിക്കോട്ട് നീങ്ങിത്തുടങ്ങിയ തീവണ്ടിയിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീണ് വയോധികന് ഗുരുതര പരിക്ക്
വണ്ടി നിർത്തിയപ്പോൾ വെള്ളം വാങ്ങാനായി ഇറങ്ങിയതായിരുന്നു

കോഴിക്കോട് : നീങ്ങിത്തുടങ്ങിയ തീവണ്ടിയിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീണ് ചക്രത്തിൽ കുരുങ്ങി വയോധികന്റെ കാലിന് ഗുരുതരപരിക്കേറ്റു. കോഴിക്കോട് സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ വ്യാഴാഴ്‌ച ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെയാണ് സംഭവം. തൃശ്ശൂർ സ്വദേശി ഉണ്ണികൃഷ്ണന്റെ (74) വലതുകാലിനാണ് പരിക്കേറ്റത്. മുംബൈ എൽടിടി സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു ഉണ്ണികൃഷ്ണനും ഭാര്യയും. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വണ്ടിനിർത്തിയപ്പോൾ വെള്ളം വാങ്ങാനായി ഇറങ്ങി. ഇതിനിടെ വണ്ടി നീങ്ങിത്തുടങ്ങിയതു കണ്ട് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടയിൽ ആണ് അപകടമുണ്ടായത്.
ഉടനെ യാത്രക്കാർ ബഹളം വെച്ചതോടെ തീവണ്ടി നിർത്തി. ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലിൽ കാല് അറ്റുപോകാതെ രക്ഷിക്കാനായി. ആർപിഎഫും റെയിൽവേ ജീവനക്കാരും ഉടൻ ആംബുലൻസ് വിളിച്ചെങ്കിലും ഗതാഗതക്കുരുക്കിൽ കുരുങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് പെട്ടെന്ന് എത്താനായില്ല. തുടർന്ന് ആർപിഎഫിൻ്റെ നേതൃത്വത്തിൽ ഉണ്ണികൃഷ്ണനെ ചുമന്ന് റോഡിലെത്തിച്ച് ഗതാഗതം നിയന്ത്രിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മെഡിക്കൽ കോളേജിൽ നിന്ന് ഉണ്ണികൃഷ്ണനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടയിൽ ഗുരുതരമായി പരിക്കേറ്റതിനാൽ പ്ലാസ്റ്റിക് സർജറിക്ക് വിധേയനായി.