ആലപ്പുഴ ഒരുങ്ങി ;നെഹ്റു ട്രോഫി വള്ളംകളി ആവേശത്തിലേക്ക് നാട്
71-ാ മത് നെഹ്റു ട്രോഫി ജലമേളയിൽ ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മത്സരത്തിൽ മാറ്റുരയ്ക്കുക.

ആലപ്പുഴ :ആലപ്പുഴയുടെ കായലോളങ്ങൾ ആവേശത്തിൽ ആറാടാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം. ഈ മാസം 30ന് പുന്നമടക്കായലിൽ നടക്കുന്ന 71-ാ മത് നെഹ്റു ട്രോഫി ജലമേളയിൽ ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മത്സരത്തിൽ മാറ്റുരയ്ക്കുക. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരും അടക്കം നിരവധി വിശിഷ്ടാതിഥികളാണ് മത്സരം കാണാൻ പുന്നമടക്കായലിൽ എത്തുന്നത്. 21 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെയാണ് കായലോളത്തിൽ ആവേശത്തുഴയെറിഞ്ഞ് മത്സരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ ഫൈനൽ മത്സരത്തിൽ പങ്കെടുത്ത ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ വില്ലേജ് ബോട്ട് ക്ലബ് വീയപുരം ചുണ്ടനിലാണ് ഇത്തവണയും കരക്കാർക്ക് പ്രതീക്ഷ. എന്നാൽ കഴിഞ്ഞ വർഷത്തെ വിജയികളായ മേപ്പാടം ചുണ്ടനും കപ്പടിക്കാൻ കോപ്പുകൂട്ടുന്നുണ്ട്. കൂടാതെ നടുഭാഗം, ചെറുതന, കാരിച്ചാൽ, കരുവാറ്റ, ചമ്പക്കുളം, നിരണം, പായിപ്പാട് എന്നീ ചുണ്ടൻ വള്ളങ്ങളും തീവ്ര പരിശീലന ത്തിലാണ്.
ഓരോ ചുണ്ടൻ വള്ളത്തെയും സ്പോൺസർ ചെയ്യുന്നതിന് വേണ്ടി വമ്പൻ കമ്പനികളും രംഗത്ത് വന്നിട്ടുണ്ട്. ഇതിനിടയിൽ കരക്കാർ കളിപ്പിക്കുന്ന ചുണ്ടൻ വള്ളങ്ങളും ഏറെ ആവേശത്തിലാണ്. പഴയകാലത്ത് ഓരോ കരകളിൽ നിന്നായിരുന്നു വള്ളങ്ങൾ പുന്നമടയിൽ എത്തിയിരുന്നത്. എന്നാൽ കാലം മാറിയതോടെ ഓരോ ചുണ്ടൻ വള്ളത്തെയും ക്ലബ്ബുകളെയും സ്പോൺസർ ചെയ്യുന്നതിന് വലിയ കമ്പനികൾ ആലപ്പുഴയിൽ എത്തിത്തുടങ്ങി. വിജയസാധ്യതയുള്ള ക്ലബ്ബുകൾക്ക് വേണ്ടിയാണ് ഇവർ വന്നിരിക്കുന്നത് ഓരോ വർഷവും ഒരു ചുണ്ടൻ നെഹ്റു ട്രോഫി മത്സരം കഴിഞ്ഞ് പുറത്തു വരുമ്പോൾ രണ്ടു കോടിയാണ് ചിലവ് വരുന്നത്.
പഴയകാലത്ത് തുഴച്ചിൽകാർക്ക് പ്രതിഫലം നൽകാറില്ല എങ്കിലും ഇന്നത്തെ കാലത്ത് കഥയാകെ മാറി. ഓരോ തുഴച്ചിൽക്കാരന്റെയും കൈക്കരുത്തിനനുസരിച്ചാണ് പ്രതിഫലം നൽകുന്നത്. അങ്ങനെ കോടികൾ മുടക്കി ഇത്തവണ ആര് കപ്പടിക്കും എന്ന് കാണുന്നതിന് വേണ്ടിയാണ് വള്ളംകളി പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.