കൊയിലാണ്ടിയിൽ പോലീസ് സ്റ്റേഷനിലെത്തിയ യുവാവിനെ പോലീസുകാർ മർദിച്ചതായി പരാതി
വാഹന അപകടവുമായി ബന്ധപ്പെട്ടാണ് യുവാവിനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പോലീസ് സ്റ്റേഷനിലെത്തിയ യുവാവിനെ പോലീസുകാർ മർദിച്ചതായി പരാതി. മലാപ്പറമ്പ് സ്വദേശി ഹരിനന്ദ് (19) ആണ് പരാതി നൽകിയിരിക്കുന്നത്. 2025 ഫെബ്രുവരി 22ന് നടന്ന വാഹന അപകടവുമായി ബന്ധപ്പെട്ടാണ് യുവാവിനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്. തുടർന്ന് സ്റ്റേഷനിൽ എത്തിയ തന്നെ ചില പോലീസുകാർ അസഭ്യം പറഞ്ഞു വെന്നും മർദിച്ചുവെന്നുമാണ് ഹരിനന്ദിന്റെ പരാതി. സംഭവത്തിൽ യുവാവ് ഡിവൈഎസ്‌പിക്ക് പരാതി നൽകിയിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. വിഷയത്തിൽ പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട് റൂറൽ എസ്.പിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. അടുത്തമാസം 12ന് നടക്കുന്ന സിറ്റിങ്ങിൽ മനുഷ്യാവകാശ കമ്മീഷൻ കേസ് പരിഗണിക്കു മെന്നാണ് ലഭിക്കുന്ന വിവരം.