മൂന്ന് മണിക്കൂർ വനത്തിലൂടെ സഞ്ചരിച്ച് ആശുപത്രിയിലെത്തിച്ചിട്ടും അഞ്ചുവയസ്സുകാരനെ രക്ഷിക്കാനായില്ല
പനിയെ തുടർന്ന് വെള്ളിയാഴ്ചയാണ് കുട്ടിയെ ചുമന്ന് ബന്ധുക്കൾ നടന്നു തുടങ്ങിയത്

അടിമാലി: വന്യമൃഗങ്ങൾ വിഹരിക്കുന്ന കാട്ടിലൂടെ മൂന്ന് മണിക്കൂറിലേറെ ചുമന്ന് കൊണ്ടു വന്നിട്ടും ആദിവാസി ഉന്നതിയിലെ ബാലന്റെ ജീവൻ രക്ഷിക്കാനായില്ല. സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലകുടി കൂടലാർ ആദിവാസി ഉന്നതിയിലെ മൂർത്തി - ഉഷ ദമ്പതികളുടെ മകൻ കാർത്തിക് (അഞ്ച്) ആണ് മരിച്ചത്.
കലശലായ പനിയെ തുടർന്ന് വെള്ളിയാഴ്ചയാണ് കാർത്തിക്കിനെയും കൊണ്ട് ബന്ധുക്കളും നാട്ടുകാരും ആശുപത്രി ലക്ഷ്യമാക്കി നടന്നുതുടങ്ങിയത്. മൂന്ന് മണിക്കൂർ വനത്തിലൂടെ സഞ്ചരിച്ച് ആനക്കുളം വഴി മാങ്കുളത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ഇവിടെനിന്ന് വിദഗ്‌ധ ചികിത്സക്കായി അടിമാലി താലൂക്കാശുപത്രിയിലേക്ക് റഫർ ചെയ്തു.