നടുവണ്ണൂർ ന്യൂസ് ഫലിച്ചു; റോഡരികിലെ അനാഥ കാറുകൾക്ക് ശാപമോക്ഷം
നടുവണ്ണൂർ ന്യൂസിൽ വാർത്ത വന്ന് 24 മണിക്കൂർ കഴിയുന്നതിനു മുമ്പേയാണ് ഉടമകൾ എടുത്തുമാറ്റി

നടുവണ്ണൂർ: നടുവണ്ണൂർ കൂട്ടാലിട റോഡ് ജംഗ്ഷന് സമീപം എസ്ബിഐ കെട്ടിടത്തിനടുത്ത് വർഷങ്ങളായി അനാഥമായി നിർത്തിയിട്ട് പഴയ കാറുകൾ എടുത്തുമാറ്റി. സംസ്ഥാനപാതയിൽ വൻ അപകട ഭീഷണി ഉയർത്തി കാടുകൾ വളർന്ന് മൂടിപ്പോയിരുന്ന രണ്ട് കാറുകളെ സംബന്ധിച്ച വാർത്ത നടുവണ്ണൂരിൽ ന്യൂസിൽ വന്ന് 24 മണിക്കൂർ കഴിയുന്നതിനു മുമ്പേയാണ് ഉടമകൾ എടുത്തുമാറ്റിയത്. ഇന്നലെ രാവിലെയാണ് പ്രസ്തുത വാർത്ത നടുവണ്ണൂർ ന്യൂസ് റിപ്പോർട്ട് ചെയ്തത്. ഇന്ന് രാവിലെയോടെ തന്നെ കാറുകൾ സ്ഥലത്ത് നിന്ന് നീക്കം ചെയ്തു അപകട സാഹചര്യമുള്ള ഈ വളവിൽ നേരത്തെ നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്. മാത്രമല്ല കാൽനട യാത്രക്കാർക്കും റോഡരികിൽ നിർത്തിയിടുന്ന ഈ കാറുകൾ വലിയ പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ ഇത് ഉടമകൾ പരിഹരിച്ചില്ല എന്ന് മാത്രമല്ല അധികാരികൾ കണ്ണടക്കുകയും ചെയ്തു. വാർത്ത വന്നതിനെ ത്തുടർന്ന് പോലീസും വാഹനവകുപ്പ് അധികാരികളും ഈ കാര്യത്തിൽ അടിയന്തരമായി ഇടപെട്ടു. തുടർന്ന് വാഹനം കൊണ്ടു വച്ചവർ തന്നെ ഇവിടെ നിന്നും എടുത്തുമാറ്റി. ഇപ്പോൾ ആളുകൾക്ക് സൗകര്യത്തിൽ നടന്നു പോകാൻ പറ്റുന്ന രീതിയിലും അപകട സാധ്യത കുറയ്ക്കുന്ന രീതിയിലും ആയിട്ടുണ്ട്. എങ്കിലും ഭാവിയിലും ഇത്തരം അനധികൃത പാർക്കിംഗ് തുടരാൻ സാധ്യതയുള്ളതിനാൽ അധികാരികൾ കൃത്യമായി നടപടി സ്വീകരിക്കണമെന്ന് യാത്രക്കാർ പറഞ്ഞു.