കുറ്റിയാട്ടൂരിൽ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീവെച്ച് കൊലപ്പെടുത്തിയ യുവാവും മരിച്ചു
കഴിഞ്ഞ ബുധനാഴ്ചയാണ് യുവതിയുടെ വീട്ടിലെത്തി ജിജേഷ് ആക്രമണം നടത്തിയത്

കണ്ണൂർ: കുറ്റിയാട്ടൂരിൽ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീവെച്ച് കൊലപ്പെടുത്തിയ യുവാവ് മരിച്ചു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെരുവളത്തുപറമ്പ് കുട്ടാവ് സ്വദേശി ജിജേഷ് ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് കുറ്റിയാട്ടൂർ ഉരുവച്ചാലിലെ പ്രവീണയുടെ വീട്ടിലെത്തി യുവതിക്ക് നേരെ ജിജേഷ് ആക്രമണം നടത്തിയത്. ആക്രമണത്തിനിടെ ജിജേഷിന് 50 ശതമാനം പൊള്ളലേറ്റിരുന്നു. പൊള്ളലേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന പ്രവീണ വ്യാഴാഴ്ചയാണ് മരിച്ചത്.
ബുധനാഴ്‌ച ഉച്ചയോടെ യുവതി താമസിക്കുന്ന വീട്ടിലേക്ക് എത്തിയ പ്രതി യുവതിയെ ആക്രമിക്കുക യായിരുന്നു. സംഭവം നടക്കുമ്പോൾ പ്രവീണയും പിതാവുമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വെള്ളം ചോദിച്ചാണ് ജിജേഷ് വീട്ടിനുള്ളിൽ പ്രവേശിച്ചത്. ഇതിന് ശേഷം യുവതിയെ തീ കൊളുത്തുകയായിരുന്നു. വീടിന്റെ പിൻഭാഗം ഏരിയയിൽവെച്ചാണ് തീകൊളുത്തിയത്.