'പൊലീസ് അബൂബക്കറിനെ കള്ളക്കേസിൽ കുടുക്കി, അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി'; ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി
മാധ്യമങ്ങളിൽ മോശമായ പരാമർശങ്ങൾ നടത്തി പൊലീസ് വാർത്ത നൽകി

ആലപ്പുഴ: തോട്ടപ്പള്ളിയിലെ സ്ത്രീയുടെ കൊലപാതകത്തിൽ അബൂബക്കറിനെ പ്രതിയാക്കിയ പൊലീസ് നടപടിക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി കുടുംബം.അബൂബക്കറിനെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തി കേസിൽ പ്രതിയാക്കുകയായിരുന്നു വെന്ന് മകൻ ആരോപിച്ചു. മാധ്യമങ്ങളിൽ മോശമായ പരാമർശങ്ങൾ നടത്തി പൊലീസ് വാർത്ത നൽകി. അപകീർത്തികരമായ പരാമർശങ്ങളാണ് പൊലീസ് നടത്തിയത്. അപകീർത്തികരമായ വർത്ത പ്രചരിച്ചതോടെ കുടുംബം തീവ്ര ദുഃഖത്തിലാണെന്നും യഥാർത്ഥ പ്രതികൾ മോഷണക്കേസ് പ്രതിയും ഭാര്യയുമാണെന്നും ഇവരെ അറസ്റ്റ് ചെയ്തിട്ടും അബൂബക്കറിനെ കേസിൽ കുടുക്കി റിമാന്‍ഡ് ചെയ്തുവെന്നാണ് കുടുംബത്തിന്‍റെ ആരോപണം.
അബൂബക്കർ നിരപരാധിയെന്ന് കുടുംബം പറഞ്ഞു. പൊലീസ് കള്ളക്കേസിൽ കുടുക്കുകയായിരുന്നു. കൃത്രിമ തെളിവുകൾ ഉണ്ടാക്കാൻ പൊലിസ് ശ്രമിച്ചതായും പരാതിയിലുണ്ട്. കുറ്റം ചെയ്യാത്ത അബൂബക്കറിനെ ജയിൽ മോചിതനക്കണമെന്നും മകൻ ആവശ്യപ്പെട്ടു. കേസ് ക്രൈം ബ്രാഞ്ച് അന്വേഷിച്ച് സത്യം പുറത്ത് കൊണ്ടുവരണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലുണ്ട്.