കൊലകേസിൽ തെറ്റായി പ്രതി ചേർത്തു; മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി കുടുംബം
കള്ളക്കേസാണ് പിതാവിനെതിരെ പോലീസ് എടുത്തതെന്ന് മകൻ

ആലപ്പുഴ: തോട്ടപ്പള്ളിയിൽ ഒറ്റക്ക് കഴിഞ്ഞിരുന്ന വയോധികയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ചേർക്കപ്പെട്ട അബൂബക്കറിൻ്റെ കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. യാതൊരു തെളിവുമില്ലാതെ കള്ളക്കേസാണ് പിതാവിനെതിരെ പൊലീസ് എടുത്തതെന്ന് അബൂബക്കറിൻ്റെ മകൻ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം പിതാവ് നേരിട്ട് പറഞ്ഞു. മറ്റൊരു കേസ് കൂടി ചുമത്തിയ പിതാവിന് അത് പൊലീസിന് തലയൂരാനാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കേസിൽ വെള്ളിയാഴ്ച മണ്ണഞ്ചേരി അമ്പനാകുങ്ങര പുത്തൻവീട്ടിൽ അബൂബക്കർ (68) കൊലപാതകം നടത്തിയിട്ടില്ലെന്ന് ആലപ്പുഴ എസ്.പി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. അബൂബക്കറിനെതിരെ ചുമത്തിയ കൊലക്കുറ്റം ഒഴിവാക്കുമെന്നും എന്നാൽ വീടിൻ്റെ പിൻവാതിൽ പൊളിച്ചു കയറിയ സംഭവത്തിൽ മറ്റ് വകുപ്പുകൾ ചുമത്തുമെന്നും എസ്.പി വ്യക്തമാക്കി. എന്നാൽ, കേസിൽ അബൂബക്കറിനെ കോടതി റിമാൻഡ് ചെയ്തിരുന്നു. ആലപ്പുഴ പുറക്കാട് പഞ്ചായത്ത് 12-ാം വാർഡിൽ ഒറ്റപ്പനപ്പള്ളിക്ക് സമീപത്തെ വീട്ടിൽ താമസിച്ചിരുന്ന 60കാരി കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദമ്പതികളാണ് പിടിയിലായത്. പല്ലന സ്വദേശിയും കരുനാഗപ്പള്ളിയിൽ വാടകക്ക് താമസിക്കുന്ന സൈനുലാബ്ദീൻ (കൊച്ചുമോൻ -44), ഭാര്യ അനീഷ (38) എന്നിവരെയാണ് അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എൻ. രാജേഷിൻ്റെ നേതൃത്വത്തിൽ ശനിയാഴ്ച പുലർച്ച കസ്റ്റഡിയിലെടുത്തത്.