പേരാമ്പ്രയിൽ ഒമേഗ ബസിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം; ബസുകാരെ സംരക്ഷിക്കാൻ ശ്രമമെന്ന് മാതാവ്
തീരുമാനങ്ങൾ അട്ടിമറിക്കുന്നരീതിയിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് ഇടപെടൽ

പേരാമ്പ്ര: കഴിഞ്ഞമാസം 19-ന് പേരാമ്പ്ര കക്കാട് ബസ്സിടിച്ച് സ്കൂട്ടർയാത്രികനായ കോളേജ് വിദ്യാർഥി അബ്ദുൾ ജവാദ് (23) മരിച്ച സംഭവത്തിൽ ബസുകാരെ സംരക്ഷിക്കാൻ ശ്രമം നടത്തുന്നതായി ആരോപിച്ച് മാതാവ് മുനീറ കളക്ടർക്കും എസ്‌പിക്കും പരാതിനൽകി.നിരന്തരമായി ബസ് അപകടമരണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ വലിയ പ്രതിഷേധത്തിനാണ് പേരാമ്പ്ര സാക്ഷ്യം വഹിച്ചത്. അപകടമുണ്ടാക്കിയ ‘ഒമേഗ’ ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ നടപടിസ്വീകരിക്കുമെന്ന് ആർഡിഒയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ഉറപ്പുനൽകിയതാണ്. 26-ന് നടക്കുന്ന ആർടിഎ യോഗത്തിൽ ഇക്കാര്യം അജൻഡയായി വന്നിട്ടുണ്ടെങ്കിലും സംഭവത്തിന്റെ യഥാർഥവിവരണം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. യോഗതീരുമാനങ്ങളും പൂർണമായി അജൻഡയിൽ വന്നിട്ടില്ല. തീരുമാനങ്ങൾ അട്ടിമറിക്കുന്ന രീതിയിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് ഇടപെടൽ നടക്കുന്നതായും കളക്ടറെപ്പോലും തെറ്റിദ്ധരിപ്പിക്കുന്നവിധത്തിലാണ് അജൻഡയുള്ളതെന്നും പരാതിയിൽ ആരോപിച്ചു.
കോഴിക്കോട് റൂട്ടിൽ ഏതാനും വർഷങ്ങളായി ഒരുവിഭാഗം ബസ് തൊഴിലാളികളുടെ നിയമം കാറ്റിൽപ്പറത്തിയുള്ള മത്സര ഓട്ടമാണ് അരങ്ങേറുന്നത്. ബസുകൾ വാടകയ്ക്കെടുത്ത് ഓടുന്നുണ്ടെന്ന് ഒരു ബസ് ഉടമതന്നെ വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം നിയന്ത്രിക്കേണ്ട സംവിധാനങ്ങൾ നോക്കുകുത്തിയാകുന്നതിന്റെ ഉദാഹരണമാണ് തുടർച്ചയായുള്ള ബസ് അപകടമരണങ്ങൾ. ഇതിന് കാരണക്കാരായവർ ഇതൊന്നും വക വെക്കാതെ നിയമ സംവിധാനത്തെ വെല്ലുവിളിച്ച് വീണ്ടും നിയമ ലംഘനങ്ങൾ തുടരുകയാണ്. ഈ സാഹചര്യത്തിൽ കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ ബസ് അപകടങ്ങൾ ആവർത്തി ക്കാതിരിക്കാൻ കളക്ടറുടെ ഭാഗത്തു നിന്ന് നടപടിസ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.