ട്രെയിൻ ഓടിക്കാൻ ആളില്ല; ലോക്കോ പൈലറ്റുമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
അസിസ്റ്റന്റ് ലോക്കോപൈലറ്റ് നിയമനം നീണ്ടുപോകുന്നതിനാലാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം.

ഡൽഹി :ട്രെയിനുകളിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റുകളെ ദിവസക്കൂലിക്ക് നിയമിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. അസിസ്റ്റന്റ് ലോക്കോപൈലറ്റ് നിയമനം നീണ്ടുപോകുന്നതിനാലാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം. സർവീസിൽ നിന്ന് വിരമിച്ച ലോക്കോപൈലറ്റുകളെയാണ് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കാൻ ഒരുങ്ങുന്നത്. ദിവസവേതനാടിസ്ഥാന നിയമനത്തിനായി റെയിൽവേ മന്ത്രാലയം 19ന് എല്ലാ സോണൽ ജനറൽ മാനേജർമാർക്കും അനുമതി നൽകിയതായാണ് വിവരം.
ഷണ്ടിങ്ങിനും അനുബന്ധ ജോലികൾക്കും താത്കാലിക ജീവനക്കാരെ നിയമിക്കാനും തീരുമാനമായതായാണ് വിവരം.നിലവിൽ പതിനാറ് സോണിലായി 1,45,230 ലോക്കോ റണ്ണിങ് തസ്‌തികകളിൽ 33,174 എണ്ണം ഒഴിഞ്ഞ് കിടക്കുകയാണ്. ചില സോണുകളിൽ 40– 45ശതമാനം വരെയാണ് ഒഴിവുകൾ ഉള്ളത്. കേരളം ഉൾപ്പെടുന്ന ദക്ഷിണ റെയിൽവേയിൽ 5848 ലോക്കോ റണ്ണിങ് തസ്‌തികകളിൽ ഇപ്പോഴുള്ളത് 4560പേർ മാത്രമാണ്.
134 ഒഴിവുകൾ തിരുവനന്തപുരം ഡിവിഷനിൽ മാത്രം ഉണ്ട്. പാലക്കാട് –149, സേലം– 195, മധുര–149, തിരുച്ചി– 159, ചെന്നൈ– 521 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകൾ. 2024ൽ 726 ഒഴിവും ഇൗ വർഷം 510 ഒഴിവുമാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. അസി. ലോക്കോ പൈലറ്റ് റിക്രൂട്ട്മെന്റ് 2018നുശേഷം 2024ലാണ് നടത്തിയത്. ട്രെയിൻ ഗതാഗതം താറുമാറാകുന്ന ഘട്ടത്തിലാണ് 5699 അസി. ലോക്കോപൈലറ്റ് തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിക്കാൻ 2024 ജനുവരി 14ന് തീരുമാനിച്ചത്.