ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ മൂന്നുപേർ പിടിയിൽ
ബാറിൽവെച്ച് ഉണ്ടായ തർക്കത്തിന് പിന്നാലെയായിരുന്നു സംഭവം

കൊച്ചി: എറണാകുളം നോർത്ത് പാലത്തിൽവെച്ച് ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ മൂന്നുപേർ പിടിയിൽ. മിഥുൻ, അനീഷ്, സോനമോൾ എന്നിവരെയാണ് എറണാകുളം ഫോർട്ട് നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ബാറിൽവെച്ച് രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെയായിരുന്നു സംഭവം. യുവാവിനെ മർദിച്ച് കാറിൽ കയറ്റി തട്ടിക്കൊണ്ടു പോയെന്നാണ് കേസ്. അതേസമയം, സോനമോളുടെ പരാതിയിൽ എതിർസംഘത്തിൽപ്പെട്ട ഒരാൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
അതിനിടയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഘത്തിൽ നടി ലക്ഷ്മി മേനോനും ഉൾപ്പെട്ടിരുന്നതായാണ് പോലീസ് പറയുന്നത്. കേസിൽ ലക്ഷ്മി മേനോനെയും പോലീസ് തിരയുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട നടിയെയും പോലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന. അതേസമയം, നടി ഒളിവിൽ പോയിരിക്കാനുള്ള വിവരങ്ങളുണ്ട്.