headerlogo
recents

ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണം 31 ന് തുടങ്ങും

തുരങ്കപാത യാഥാർത്ഥ്യമാവുന്നതോടെ കർണാടക, തമിഴ്‌നാട് യാത്ര സുഗമമാകും

 ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണം 31 ന് തുടങ്ങും
avatar image

NDR News

28 Aug 2025 12:59 PM

തിരുവനന്തപുരം: ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണം 31 ന് തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാരിസ്ഥിതിക അനുമതി ലഭിച്ചതിനെ തുടർന്നാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന തുരങ്കപാതയുടെ നിർമാണച്ചെലവ് 2134.5 കോടി രൂപയാണ്. 8.73 കിലോമീറ്റർ ദൂരം വരുന്ന പാതയുടെ 8.1 കിലോമീറ്റർ ഇരട്ട ടണൽ ആയാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡാണ് പാതയുടെ നിർവഹണ ഏജൻസി. കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്ടറോളം ഭൂമി ആണ് ഇതിനായി ഏറ്റെടുക്കേണ്ടത്. ഇതിൽ വനഭൂമി നേരത്തെ കൈമാറിയിട്ടുണ്ട്. കൂടാതെ 90 ശതമാനം സ്വകാര്യ ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു. ടണൽ റോഡിലേക്കുള്ള പ്രധാന പാതയുടെ നിർമാണം ആരംഭിച്ചിട്ടുണ്ട്. രണ്ട് പാക്കേജുകളിലായാണ് നിർമാണം പൂർത്തീകരിക്കുക. പാലവും അപ്രോച്ച് റോഡും ഒന്നാമത്തെ പാക്കേജിലും ടണൽപാത നിർമാണം രണ്ടാമത്തെ പാക്കേജിലമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

     നാലുവരി ഗതാഗതമാണ് പദ്ധതിയിലുള്ളത്. വെന്റിലേഷൻ, അഗ്നിശമന സംവിധാനം, ടണൽ റേഡിയോ സിസ്റ്റം, എസ്കേപ്പ് റൂട്ട്ലൈറ്റിങ്, സി.സി.ടി.വി, എമർജൻസി കോൾ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും തുരങ്ക പാതയിലുണ്ടാകും. കഴിഞ്ഞ സർക്കാരിൻ്റെ നൂറുദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്കു തുടക്കമിട്ടത്. ഒട്ടേറെ കടമ്പകൾ കടന്നാണ് അനുമതി നേടിയത്. പാത യാർഥ്യ മാകുന്നതോടെ ആനക്കാം പൊയിലിൽ നിന്നു 22 കിലോമീറ്റർ കൊണ്ട് മേപ്പാടിയിലെത്താം. വയനാട് ചുരം യാത്രാദുരിതത്തിനും ഇതോടെ അറുതിയാകും. തുരങ്കപാത യാഥാർത്ഥ്യമാവുന്നതോടെ കേരളത്തിൽ നിന്ന് കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്കുള്ള യാത്ര സുഗമമാകും. മലയോര മേഖലയുടെ സമഗ്ര വികസനത്തിന് ഗുണകരമാവുന്ന ചരിത്രനേട്ടം കൂടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

NDR News
28 Aug 2025 12:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents