നഗരത്തിൽ വീണ്ടും ലഹരി വേട്ട; 30 ഗ്രാം എം ഡി എം എ യുമായി മൂന്നു പേർ പിടിയിൽ
ഇവർ പല തവണ വൻതോതിൽ എം ഡീ എം എ ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ട് എത്തിച്ച് വിൽപ്പന നടത്തി

കോഴിക്കോട്: പന്തീരങ്കാവ് നടക്കാവ് കുഞ്ഞാമൂലയിൽ സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റിനു മുന്നിൽ വച്ച് വിൽപ്പനയ്ക്കായി കൊണ്ടുവന്ന 30 ഗ്രാം എം ഡി എം എ യുമായി മൂന്നു പേരെ അസി. കമ്മീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫും, പന്തീരങ്കാവ് പോലീസും ചേർന്ന് പിടികൂടി. അരീക്കാട് നല്ലളം ഏർചാം വീട്ടിൽ അബ്ദുൽ സമദ് (27)അരീക്കാട് നല്ലളം ഏർചാം വീട്ടിൽ സാജിദ് ജമാൽ (26) ആലപ്പുഴ മണ്ണഞ്ചേരി അറഫ നദീർ (27)എന്നിവരാണ് പിടിയിലായത്. ഇവരിൽ അബ്ദുൽ സമദും, സാജിദ് ജമാലും സഹോദരങ്ങളാണ്. 2024 ഇൽ ഇവരെ 18 കിലോഗ്രാം കഞ്ചാവുമായി ബംഗളൂരു പോലീസിൻ്റെ പിടിയിലായി ജയിൽവാസം അനുഭവിച്ച് ജാമ്യത്തിൽ ഇറങ്ങിയതാണ്. അറഫ നദീർ 7 കിലോ കഞ്ചാവ് കേസിൽ ഒന്നര വർഷം ശിക്ഷ അനുഭവിച്ച് കഴിഞ്ഞ ഓഗസ്റ്റ് 15 ന് ബംഗളൂരു ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതാണ്. സാജിദും നദീറും തമ്മിൽ ജയിലിൽ വെച്ചാണ് പരിചയപ്പെടുന്നത്. മയക്കുമരുന്ന് കച്ചവടം ചെയ്യുന്നതിന് വേണ്ടിയാണ് ജാമ്യത്തിൽ ഇറങ്ങിയ നദീറിനെ സാജിദ് ജമാൽ കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തിയത്. മാത്രമല്ല നദീറിനെ ജാമ്യത്തിൽ ഇറങ്ങുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം നൽകിയതും സാജിദ് ആയിരുന്നു.
ഇവർ മുൻപ് പല തവണകളായി വൻതോതിൽ എം ഡീ എം എ ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ട് എത്തിച്ച് വിൽപ്പന നടത്തിയിട്ടുണ്ട്. പ്രധാനമായും വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യം വച്ചാണ് ഇവർ കച്ചവടം നടത്തിവരുന്നത്. 20 വയസ്സിൽ താഴെയുള്ള കൗ മാരപ്രായക്കാരെയാണ് ഇവർ സഹായത്തിനായി കൂടെ കൊണ്ടു നടക്കാറുള്ളത്. ഉപയോഗിക്കാനുള്ള മയക്കുമരുന്നാണ് പ്രതിഫലമായി കൊടുക്കുന്നത്.