മന്ത്രി എ.കെ. ശശീന്ദ്രൻ്റെ സഹോദരിയുടെ മകളും ഭർത്താവും മരിച്ച നിലയിൽ
മകൻ വിദേശത്തുനിന്ന് എത്തുന്നതിനു മണിക്കൂറുകൾക്ക് മുമ്പാണ് ഇരുവരുടെയും മരണം

കണ്ണൂർ: മന്ത്രി എ.കെ. ശശീന്ദ്രൻ്റെ സഹോദരിയുടെ മകളും ഭർത്താവും മരിച്ച നിലയിൽ.കോർപ്പറേഷൻ പരിധിയിലെ അലവിൽ ദമ്പതികളെ വീട്ടിലാണ് പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. അനന്തൻ റോഡിന് സമീപത്തെ കല്ലാളത്ത് പ്രേമരാജൻ (75), ഭാര്യ എ.കെ. ശ്രീലേഖ (68) മരിച്ചത്. മന്ത്രി എ.കെ. ശശീന്ദ്രൻ്റെ സഹോദരിയുടെ മകളാണ് മരിച്ച ശ്രീലേഖ. മകൻ വിദേശത്തുനിന്ന് എത്തുന്നതിനു മണിക്കൂറുകൾക്ക് മുമ്പാണ് ഇരുവരുടെയും മരണം. വ്യാഴാഴ്ച 5.45ന് വിദേശത്ത് നിന്ന് വരുന്ന മകനെ വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടുവരാൻ കാറെടുക്കാൻ വീട്ടിലെത്തിയപ്പോൾ ഡ്രൈവർ സരോഷ് വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടർന്ന് ഡ്രൈവർ വളപട്ടണം പോലീസിൽ വിവരം അറിയിച്ചു. അയൽവാസികൾ വന്ന് വീട് തുറന്ന് അകത്തേക്ക് കടന്നപ്പോഴാണ് കിടപ്പു മുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹങ്ങൾ കണ്ടത്.
തുടർന്ന് വളപട്ടണം പൊലീസും സ്ഥലത്തെത്തി. ഇരുവരെയും വ്യാഴാഴ്‌ച വീട്ടിന് പുറത്തേക്ക് കണ്ടിരുന്നില്ലെന്ന് അയൽവാസികൾ പറഞ്ഞു. ഗേറ്റിലെ ബോക്സിൽ ദിനപത്രവും എടുക്കാതെ ഉണ്ടായിരുന്നു. വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ശ്രീലേഖയുടെ തലയുടെ പിൻഭാഗം പൊട്ടി രക്തം വാർന്ന നിലയിലാണ്.