വ്യാപക മഴ തുടരും; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്
ഛത്തീസ്ഗഡിന് മുകളിൽ തുടരുന്ന ന്യൂനമർദ്ദമാണ് കേരളത്തിലെ മഴയ്ക്ക് കാരണം.

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്നും വ്യാപക മഴ. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലേ അലേർട്ടുള്ളത്. മറ്റ് ജില്ലകളിൽ ഇടവിട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ട്. എന്നാൽ മുന്നറിയിപ്പില്ല.
24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഛത്തീസ്ഗഡിന് മുകളിൽ തുടരുന്ന ന്യൂനമർദ്ദമാണ് കേരളത്തിലെ മഴയ്ക്ക് കാരണം.
അതേസമയം കണ്ണൂരിൽ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. ഉളിക്കൽ വയത്തൂർ പാലത്തിൽ വാഹനം ഒഴുക്കിൽ പ്പെട്ടു. മൂന്നു പേരെ രക്ഷപ്പെടുത്തി. രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. കണ്ണൂരും കാസർകോടും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.