ഓണാഘോഷം അതിരുവിട്ടു; അധ്യാപകൻ ശകാരിച്ചതിന് ആത്മഹത്യാശ്രമവുമായി വിദ്യാര്‍ഥി
വിദ്യാര്‍ഥിയെ പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി

വടകര: ഓണാഘോഷം അതിരുവിട്ടപ്പോള്‍ അധ്യാപകന്‍ ശകാരിച്ചതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാര്‍ഥി. വടകരയിലാണ് സംഭവം. റെയില്‍വേ ട്രാക്കില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്ലസ് ടു വിദ്യാര്‍ഥിയെ പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു. അധ്യാപകന്‍ വഴക്ക് പറഞ്ഞതോടെ വിദ്യാര്‍ത്ഥി സ്‌കൂളില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. പിന്നീട് സഹപാഠികളെ ഫോണില്‍ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണന്ന് പറഞ്ഞതോടെ ഇവര്‍ അധ്യാപകനോട് വിവരം പറയുകയായിരുന്നു. അധ്യാപകന്‍ വടകര പൊലീസില്‍ വിവരം അറിയിക്കുകയും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് വിദ്യാര്‍ഥി ഇരിങ്ങല്‍ റെയില്‍വേ സ്‌റ്റേഷന് സമീപമുണ്ടെന്ന് കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ വിദ്യാര്‍ഥി പാളത്തില്‍ നില്‍ക്കുന്നുണ്ടായിരുന്നു. പൊലീസിനെ കണ്ടതോടെ ട്രാക്കിലൂടെ കോഴിക്കോട് ഭാഗത്തേക്ക് ഓടി. പൊലീസും പിന്നാലെ ഓടി കളരിപ്പടി ഭാഗത്തുവെച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
പൊലീസ് സ്റ്റേഷനിലെത്തിയ വിദ്യാര്‍ഥിയെ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കി വിട്ടു. വടകര എസ്.ഐ എ.കെ.രഞ്ജിത്ത്, എ.എസ്.ഐ ഗണേശന്‍, സി.പി.ഒ സജീവന്‍ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്