കോഴിക്കോട്ട് ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്ന് പരാതി
അതിക്രമം നേരിട്ടതിനു പിന്നാലെ കലക്ടർക്കുൾപ്പെടെ പരാതി എഴുതി നൽകി

കോഴിക്കോട്: കലക്ടറേറ്റിലെ ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് ഉന്നത ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്ന് പരാതി. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ആഭ്യന്തര അന്വേഷണ സമിതി ഇന്ന് കലക്ടർക്ക് റിപ്പോർട്ട് നൽകും. ഇതിൻ്റെ അടിസ്ഥാനത്തിലാകും തുടർ നടപടി സ്വീകരിക്കുക. സ്റ്റാഫ് കൗൺസിലിൻ്റെയും റവന്യൂ റിക്രിയേക്ഷൻ ക്ലബ്ബിന്റെയും നേതൃത്വത്തിലായിരുന്നു 28ന് കലക്ടറേറ്റിൽ ഓണാഘോഷം സംഘടിപ്പിച്ചത്. ഇതിനിടെ ജീവനക്കാരിക്കു നേരെ മോശം പെരുമാറ്റമുണ്ടായെന്നാണ് പരാതി.
നേരത്തെ കലക്ടറേറ്റിലെ ജീവനക്കാരിയായിരുന്ന പരാതിക്കാരി സ്ഥലംമാറി നിലവിൽ മറ്റൊരു സർക്കാർ ഓഫിസിലാണ് ജോലി ചെയ്യുന്നത്. ഓണാഘോഷത്തിനായി കലക്‌ടറേറ്റിൽ എത്തിയതായിരുന്നു. ഉന്നത ഉദ്യോഗസ്ഥനിൽനിന്ന് അതിക്രമം നേരിട്ടതിനു പിന്നാലെ കലക്ടർക്കുൾപ്പെടെ പരാതി എഴുതി നൽകി.