പൂക്കളവും ഓണക്കളികളും ഓണസദ്യയും ആസ്വദിച്ച് ഓണാഘോഷത്തിൽ പങ്കുചേർന്ന് വിദേശ സഞ്ചാരികൾ
വിനോദ സഞ്ചാരികൾ ഓണക്കാലത്ത് കേരളത്തിലേക്ക് എത്തുവാനും ഈ പ്രവർത്തനങ്ങൾ ഒരു തുടക്കമായിരിക്കുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം :ഓണക്കാലത്ത് കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാം സംഘടിപ്പിക്കുകയും അതിന്റെ ഭാഗമായ വിദേശ സഞ്ചാരികളുടെ സംഘം കേരളത്തിൻ്റെ ഓണക്കാലത്തോടൊപ്പം പങ്കുചേരാൻ എത്തിച്ചേർന്ന വിവരം പങ്കുവെച്ച് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
ഓണത്തിൻ്റെ സന്ദേശം ലോകമാകെ പടരുവാനും കൂടുതൽ വിദേശ വിനോദ സഞ്ചാരികൾ ഓണക്കാലത്ത് കേരളത്തിലേക്ക് എത്തുവാനും ഈ പ്രവർത്തനങ്ങൾ ഒരു തുടക്കമായിരിക്കുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
"നമ്മുടെ സാഹോദര്യവും ഐക്യവും വിളിച്ചോതുന്ന ഓണോത്സവത്തെ സാർവ്വദേശീയ തലത്തിൽ പ്രചരിപ്പിച്ചുകൊണ്ട് ഓണക്കാലത്ത് വിദേശ സഞ്ചാരികളെ കേരളത്തിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനം തുടരുന്ന കാര്യം നേരത്തെ തന്നെ പങ്കുവെച്ചിരുന്നല്ലോ.
ഇത്തവണത്തെ ഓണത്തിന് കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാം സംഘടിപ്പിക്കുകയും അതിൻ്റെ ഭാഗമായി യുകെ, ഫ്രാൻസ്, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, തായ്‌ലൻഡ്, വിയറ്റ്നാം, തായ്‌വാൻ, നേപ്പാൾ, ശ്രീലങ്ക, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളും ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുമുള്ള റെസ്പോൺസിബിൾ ടൂറിസം നേതാക്കൾ, അക്കാദമിഷ്യൻമാർ, പ്രമുഖ ടൂർ ഓപ്പറേറ്റർമാർ എന്നിവരുൾപ്പെടുന്ന സംഘം കേരളത്തിൻ്റെ ഓണക്കാല ത്തോടൊപ്പം പങ്കുചേരാൻ എത്തിച്ചേർന്നിരിക്കുകയാണ് എന്ന സന്തോഷ വിവരം ഇവിടെ പങ്കുവെക്കട്ടെ.
കേരളത്തിൻ്റെ ഗ്രാമീണ ജീവിതവും വ്യത്യസ്തങ്ങളായ ആഘോഷവും പൂക്കളവും ഓണക്കളികളും ഓണസദ്യയും ഒക്കെ നേരിട്ട് അനുഭവിച്ചുകൊണ്ടാണ് അവർ യാത്ര നടത്തുന്നത്.നമ്മുടെ ഓണത്തിൻ്റെ സന്ദേശം ലോകമാകെ പടരുവാനും വരും വർഷങ്ങളിൽ കൂടുതൽ വിദേശ വിനോദ സഞ്ചാരികൾ ഓണക്കാലത്ത് കേരളത്തിലേക്ക് എത്തുവാനും ഈ പ്രവർത്തനങ്ങൾ ഒരു തുടക്കമായിരിക്കുമെന്നും" അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.