10 വയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ ദുബായിൽ നിന്നും ചേന്നമംഗലൂർ സ്വദേശി യുവാവ് പറന്നെത്തി
രക്തകോശ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ബാലന് സ്റ്റെം സെൽ നൽകാനാണ് യുവാവ് എത്തിയത്
കൊച്ചി: തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ ദുബായ് വിമാനം കൊച്ചിയിൽ ലാൻഡ് ചെയ്തപ്പോൾ യാത്രക്കാരനായ അംജദ് പറന്നിറങ്ങിയത് പത്തു വയസ്സുകാരന്റെ ജീവിത പ്രതീക്ഷകളിലേക്കായിരുന്നു. രക്തകോശരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന പത്തുവയസ്സുകാരന് സ്റ്റെം സെൽ ദാനംചെയ്യാനാണ് മുക്കം ചേന്ദമംഗലൂർ സ്വദേശിയും ദുബായിലെ റസ്റ്ററൻ്റിലെ മാനേജറുമായ പീടികക്കണ്ടി അംജദ് റഹ്‌മാൻ കേരളത്തിലെത്തിയത്. വിമാനത്താവളത്തിൽ നിന്ന് നേരേ അമൃത ആശുപത്രിയിലെത്തിയ അംജദ്, സ്റ്റെം സെല്ലിന്റെ അളവ് വർധിക്കാനുള്ള കുത്തിവെപ്പെടുത്തു. ഇനി നാലുദിവസം ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ഇതേ കുത്തിവെപ്പെടുക്കും. തുടർന്ന് സ്റ്റെം സെൽ ദാനംചെയ്ത് വെള്ളിയാഴ്‌ച വൈകീട്ടോടെ ദുബായിലേക്ക് തിരിച്ച് പറക്കും.
പ്രാഥമിക പരിശോധനയ്ക്കായി രണ്ടാഴ്ച മുൻപ് അംജദ് ദുബായിൽ നിന്ന് കൊച്ചിയിലെത്തിയിരുന്നു. പരിശോധന നടത്തി രണ്ടു ദിവസത്തിനകം തിരികെ മടങ്ങി. പരിശോധനാഫലം പോസിറ്റീവായ പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച വീണ്ടുമെത്തിയത്. യാത്രയുടെ ഉദ്ദേശലക്ഷ്യം മനസ്സിലാക്കിയ റസ്റ്ററന്റ് ഉടമകളും കുടുംബാംഗങ്ങളും പൂർണപിന്തുണ നൽകിയതായി അംജദ് പറയുന്നു. ധാത്രി ബ്ലെഡ് സ്റ്റെം സെൽ ഡോണേഴ്സ് രജിസ്ട്രിയിൽ നിന്നാണ് പത്തു വയസ്സുകാരന്റെ ബന്ധുക്കൾക്ക് അംജദിനെ ക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. കുട്ടിയുടെ ബന്ധുക്കൾ ഫോണിൽ ബന്ധപ്പെട്ട് സഹായം അഭ്യർഥിക്കുകയായിരുന്നു. മണാശ്ശേരി എംഎഎംഒ കോളേജിലെ പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലബ് സംഘടിപ്പിച്ച സ്റ്റെം സെൽ നിർണയ ക്യാമ്പിൽവെച്ചാണ് അംജദ് സ്റ്റെം സെൽ പരിശോധിക്കുന്നത്. ഈ കോളേജിലെ വിദ്യാർഥിയായിരുന്ന അംജദ് ജീവകാരുണ്യമേഖലയിലെ മികച്ച സന്നദ്ധ പ്രവർത്തകനും ബെസ്റ്റ് സോഷ്യൽ വർക്കർ പുരസ്‌കാര ജേതാവുമായിരുന്നെന്ന് അധ്യാപകർ ഓർക്കുന്നു.

